യു.എ.ഇയിൽ വിമാന യാത്രക്കാർക്ക് കൈവശം വെക്കാവുന്ന കറൻസിയുടെ അളവിൽ വ്യക്തത വരുത്തി കസ്റ്റംസ്
60,000 ദിർഹമിൽ കൂടുതൽ തുകയുടെ കറൻസിയോ അമൂല്യ വസ്തുക്കളോ കൈവശമുള്ള യാത്രക്കാർ വിവരം അറിയിക്കണമെന്നാണ് കസ്റ്റംസ് അധികൃതർ

വലിയ തുക കൈവശം വെക്കുന്നത് സുരക്ഷക്ക് ഭീഷണിയാകുമെന്ന് കസ്റ്റംസ്
ദുബൈ: യു.എ.ഇയിൽ വിമാന യാത്രക്കാർക്ക് കൈവശം വെക്കാവുന്ന കറൻസിയുടെ അളവിൽ വ്യക്തത വരുത്തി കസ്റ്റംസ് അധികൃതർ. വലിയ തുക കൈവശം വെക്കുന്നത് സുരക്ഷക്ക് ഭീഷണിയാകുമെന്ന് കസ്റ്റംസ് വിഭാഗം വ്യക്തമാക്കി.
60,000 ദിർഹമിൽ കൂടുതൽ തുകയുടെ കറൻസിയോ അമൂല്യ വസ്തുക്കളോ കൈവശമുള്ള യാത്രക്കാർ വിവരം അറിയിക്കണമെന്നാണ് കസ്റ്റംസ് അധികൃതർ വ്യക്തമാക്കുന്നത്. വിദേശത്ത് നിന്ന് യു.എ.ഇയിൽ എത്തുന്നവർക്കും തിരിച്ച് പോകുന്നവർക്കുമാണ് ഈ നിർദേശം. കറൻസി, വിലപിടിപ്പുള്ള കല്ലുകൾ, ലോഹം തുടങ്ങിയവ കൈവശം വെക്കുന്നവർക്കാണ് മുന്നറിയിപ്പ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനാണിതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്സ് സെക്യൂരിറ്റി അധികൃതർ പറഞ്ഞു.
അതേസമയം യാത്രയിൽ കൈവശം വെക്കുന്ന പണത്തിന് പരിധി നിശ്ചയിച്ചിട്ടില്ലെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചു. പക്ഷെ, വിവരം അധികൃതരെ അറിയിച്ചിരിക്കണം എന്ന് മാത്രം. ഐ.സി.എ വെബ്സൈറ്റ് വഴിയോ സ്മാർട്ട് മൊബൈൽ ആപ്പ് വഴിയോ എവിടെ നിന്ന് വേണമെങ്കിലും നിമിഷങ്ങൾക്കകം നടപടി പൂർത്തിയാക്കാം. 18 വയസിന് മുകളിലുള്ളവർക്കാണ് ഈ നിർദേശം. യു.എ.ഇയിൽ നിന്ന് പുറപ്പെടുന്നവർക്കും ഇവിടേക്ക് എത്തുന്നവർക്കും കൈവശം വെക്കാവുന്ന തുകക്ക് പരിധിയില്ലെങ്കിലും മറ്റ് പല രാജ്യങ്ങളിലും പരിധി നിശ്ചയിച്ചിട്ടുണ്ട്.
Adjust Story Font
16

