അബൂദബിയിൽ ഡ്രൈവറില്ലാ ടാക്സികളുടെ സർവീസ് ആരംഭിച്ചു; ആദ്യഘട്ടം യാസ് ഐലൻഡിൽ
ഊബർ ആപ്പിലൂടെ റോബോടാക്സി ബുക്ക് ചെയ്യാം

അബൂദബി: മനുഷ്യ ഡ്രൈവറുടെ സാന്നിധ്യമില്ലാതെ പ്രവർത്തിക്കുന്ന പൂർണ ഓട്ടോണമസ് റോബോടാക്സി സർവീസ് അബൂദബിയിൽ ആരംഭിച്ചു. രണ്ടാഴ്ച നീണ്ട സ്വകാര്യ ട്രയലുകൾക്ക് ശേഷമാണ് പൊതുജനങ്ങൾക്കായി സർവീസ് തുടങ്ങുന്നത്. ആദ്യഘട്ടമായി യാസ് ഐലൻഡിലാണ് സർവീസ് നടക്കുക.
അമേരിക്കയ്ക്ക് പുറത്ത് സർവീസ് ആരംഭിക്കുന്ന ആദ്യ നഗരമാണ് അബൂദബി. ഊബർ ടെക്നോളജീസും ചൈനീസ് കമ്പനിയായ വീറൈഡും ചേർന്നാണ് സർവീസ് നടത്തുന്നത്. ലെവൽ 4 ഓട്ടോണമസ് സാങ്കേതികവിദ്യയാണ് വാഹനങ്ങളിൽ ഉപയോഗിച്ചിട്ടുള്ളത്. അംഗീകൃത മേഖലകളിൽ മനുഷ്യ ഇടപെടലുകളില്ലാതെ തന്നെ എല്ലാ ഡ്രൈവിങ് ജോലികളും വാഹനം സ്വയം നിർവഹിക്കും. എന്നാൽ സുരക്ഷാ പ്രോട്ടോക്കോൾ പ്രകാരം വാഹനം സ്വയം വശത്തേക്ക് മാറ്റി നിർത്താനുള്ള സംവിധാനവും ആവശ്യമെങ്കിൽ മാനുവലായി നിയന്ത്രണം ഏറ്റെടുക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും.
ഊബർ ആപ്പിലൂടെ ഊബർ കംഫർട്ട്, ഊബർ എക്സ് വിഭാഗങ്ങളിലായി റോബോടാക്സി ബുക്ക് ചെയ്യാം. ലോകത്താദ്യമായി ഊബർ ആപ്പിൽ ഓട്ടോണമസ് വിഭാഗം ആരംഭിച്ച നഗരമെന്ന പ്രത്യേകതയും അബൂദബി സ്വന്തമാക്കി. വാണിജ്യ പ്രവർത്തനത്തിനായി കഴിഞ്ഞ മാസം തന്നെ പൂർണ ഡ്രൈവർ രഹിത റോബോടാക്സിക്കുള്ള ഫെഡറൽ അനുമതി വീറൈഡിന് ലഭിച്ചിരുന്നു.
2025 അവസാനത്തോടെ അബൂദബി നഗരത്തിന്റെ കൂടുതൽ പ്രദേശങ്ങളിലേക്ക് സർവീസ് എത്തിക്കാനാണ് പദ്ധതി. നിലവിൽ മിഡിൽ ഈസ്റ്റിൽ 100-ൽ അധികം റോബോടാക്സികൾ വീറൈഡ് പ്രവർത്തിപ്പിക്കുന്നുണ്ട്. 2023-ൽ യുഎഇയിൽ എല്ലാ തരം സ്വയംഡ്രൈവിങ് വാഹനങ്ങൾക്കും ദേശീയ ലൈസൻസ് ലഭിച്ച ആദ്യ കമ്പനി കൂടിയാണ് വീറൈഡ്.
Adjust Story Font
16

