യു.എ.ഇയിൽ 2030ഓടെ 6ജി എത്തും: ധാരണാപത്രത്തിൽ ഒപ്പുവെച്ചു
ലോകത്ത് പല രാജ്യങ്ങളും 3ജി, 4ജി നെറ്റ്വർക്കുകളിൽ തുടരുമ്പോഴാണ് യു.എ.ഇ 6ജിക്ക് വേണ്ട മുന്നൊരുക്കം ആരംഭിച്ചിരിക്കുന്നത്.

നിലവിൽ 5ജി നടപ്പിലാക്കിയ രാജ്യത്ത് ആദ്യഘട്ടത്തിൽ 5.5ജി എത്തിക്കാനാണ് ധാരണാപത്രത്തിൽ തീരുമാനമായിട്ടുള്ളത്
ദുബൈ: യു.എ.ഇയിൽ 2030ഓടെ 6ജി എത്തും. ഇതിന് മുന്നോടിയായുള്ള നടപടികൾക്കായി ഇമാറാത്തി ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ 'ഡു' വും(Du) ബഹുരാഷ്ട്ര കമ്പനിയായ 'വാവെ'യും(Huawei) ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇരുകമ്പനികളും ദീർഘകാല പങ്കാളിത്തത്തിനാണ് ഞായറാഴ്ച ബാഴ്സലോണ മൊബൈൽ വേൾഡ് കോൺഗ്രസിൽ ഒപ്പുവെച്ച കരാറിലൂടെ തുടക്കം കുറിച്ചിരിക്കുന്നത്.
നിലവിൽ 5ജി നടപ്പിലാക്കിയ രാജ്യത്ത് ആദ്യഘട്ടത്തിൽ 5.5ജി എത്തിക്കാനാണ് ധാരണാപത്രത്തിൽ തീരുമാനമായിട്ടുള്ളത്. സാങ്കേതിക നവീകരണത്തിലൂടെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനും 5.5ജി വികസനം എളുപ്പമാക്കാനും കരാർ സഹായിക്കും. ലോകത്ത് പല രാജ്യങ്ങളും 3ജി, 4ജി നെറ്റ്വർക്കുകളിൽ തുടരുമ്പോഴാണ് യു.എ.ഇ 6ജിക്ക് വേണ്ട മുന്നൊരുക്കം ആരംഭിച്ചിരിക്കുന്നത്.
പശ്ചിമേഷ്യയിലെ മൊബൈൽ ടെക്നോളജി വിപണിയുടെ വലിയ ശതമാനം നേടിയെടുക്കാൻ ലക്ഷ്യംവെച്ചാണ് 'ഡു' സുപ്രധാന നീക്കം നടത്തിയിട്ടുള്ളത്. 5.5ജി ടെക്നോളജിയുടെ നവീന പദ്ധതികൾ എത്തിക്കാൻ ധാരണാപത്രത്തിലൂടെ 'ഡു'വിന് സാധിക്കും. പുതിയ സാഹചര്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തുകയും പ്രാദേശിക ആവശ്യകതകളെ അടിസ്ഥാനമാക്കി മെറ്റാവേർസ്, ഹോളോഗ്രാഫിക് മീറ്റിങ്, എക്സ്.ആർ പോലുള്ള ആപ്ലിക്കേഷനുകൾ നടപ്പിലാക്കുകയും ചെയ്യും.
ഡിജിറ്റൽ നവീകരണത്തിൽ മുൻനിരയിൽ തുടരാൻ സഹായിക്കുന്ന പുതിയ ആശയങ്ങൾ കണ്ടെത്തുന്നതിന് ലോകമെമ്പാടുമുള്ള വ്യവസായ പ്രമുഖരുമായി പ്രവർത്തിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് കരാർ സംബന്ധിച്ച് 'ഡു' സി.ടി.ഒ സലീം അൽ ബലൂഷി പറഞ്ഞു. യു.എ.ഇയുടെ മെറ്റാവേഴ്സ് നയത്തിന് അനുസൃതമായി, 'വാവെ'യുമായുള്ള പങ്കാളിത്തം വാണിജ്യപരമായ ഉപയോഗത്തിന് 5.5ജി സാങ്കേതികവിദ്യ ലഭ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ 'ഡു'വിനെ പ്രാപ്തമാക്കും.
Adjust Story Font
16

