ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് തീരുമാനം

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ അടിയന്തര തീരുമാനമെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ നിലവിൽ കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾ നടപ്പിലാക്കി വരികയാണ്.
അതേസമയം, ദുബൈക്ക് നേരെ ഇന്ന് രാവിലെ വീണ്ടും ആക്രമണം നടന്നതായി ദുബൈ മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. രാവിലെ നടന്ന ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും മീഡിയ ഓഫീസ് അറിയിച്ചു. നിലവിലെ സാഹചര്യം പരിഗണിച്ച് അബൂദബി, ദുബൈ, ഷാർജ തുടങ്ങിയ നഗരങ്ങളിൽ മിസൈൽ ആക്രമണത്തിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കൂടാതെ ദുബൈയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചതായി എമിറേറ്റ്സ് എയർലൈൻസ നേരത്തെ അറിയിച്ചിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിനാലാണ് ഈ അടിയന്തര നടപടിയെന്ന് അധികൃതർ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്രക്കാർ ആരും തന്നെ വിമാനത്താവളത്തിലേക്ക് വരരുത്. കൂടാതെ, ദുബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സിറ്റി ചെക്ക്-ഇൻ പോയിന്റുകളും നിലവിൽ അടച്ചിരിക്കുകയാണ്. ഫെബ്രുവരി 28 മുതൽ മാർച്ച് 31 വരെയുള്ള തീയതികളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ഏപ്രിൽ 30-നകം മറ്റ് വിമാനങ്ങളിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റുകയോ അല്ലെങ്കിൽ ടിക്കറ്റ് തുക തിരികെ ആവശ്യപ്പെടുകയോ ചെയ്യാം. നേരിട്ട് ബുക്ക് ചെയ്തവർക്ക് എമിറേറ്റ്സ് വെബ്സൈറ്റ് വഴിയും, ട്രാവൽ ഏജൻസികൾ വഴി ബുക്ക് ചെയ്തവർക്ക് ഏജന്റുമാരെ ബന്ധപ്പെട്ടും ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്.
Adjust Story Font
16

