തൊഴിലിടങ്ങളിൽ എഐ സാക്ഷരത; അലിഫ് പദ്ധതി പ്രഖ്യാപിച്ച് ദുബൈ
സംരംഭത്തിന് ദുബൈ ഹെൽത്താണ് ചുക്കാൻ പിടിക്കുക

ദുബൈ: എമിറേറ്റിലെ തൊഴിലിടങ്ങളിൽ എഐ സാക്ഷരത ലക്ഷ്യമിട്ട് പുതിയ പദ്ധതി ആവിഷ്‌കരിച്ച് ദുബൈ ഭരണകൂടം. അലിഫ് എന്ന പേരിൽ അറിയപ്പെടുന്ന സംരംഭത്തിന് ദുബൈ ഹെൽത്താണ് ചുക്കാൻ പിടിക്കുക. ദുബൈ എഐ വീക്കിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം.
നിർമിത ബുദ്ധിയെ കുറിച്ചുള്ള അവബോധം വളർത്തുന്നതിനും തൊഴിലിൽ എഐ സങ്കേതങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിനുമാണ്, ആർടിഫിഷ്യൽ ഇന്റലിജൻസ് ലിറ്റററി ഫ്രയിംവർക്ക് അഥവാ അലിഫ് എന്ന പേരിലുള്ള സംരംഭത്തിന് തുടക്കം കുറിക്കുന്നത്. മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസാണ് ചട്ടക്കൂട് വികസിപ്പിച്ചത്.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്റെ സാന്നിധ്യത്തിലായിരുന്നു അലിഫിന്റെ പ്രഖ്യാപനം. പശ്ചിമേഷ്യ-വടക്കൻ ആഫ്രിക്ക മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭം അവതരിപ്പിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ഗവേഷണം എന്നീ മേഖലകളിലാകും അലിഫിന്റെ ആദ്യഘട്ട പ്രവർത്തനം. പിന്നീട് മറ്റു മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കും. അലിഫിന് കീഴിൽ എഐ വിഷയമാകുന്ന വിവിധ ഓൺലൈൻ കോഴ്‌സുകളുമുണ്ടാകും.
അലിഫിന് പുറമേ, എഐയിൽ പിഎച്ച്ഡി പ്രോഗ്രാമും എഐ വീക്കിൽ പ്രഖ്യാപിക്കപ്പെട്ടു. യൂണിവേഴ്‌സിറ്റി ഓഫ് ബർമിങ്ങാമിന്റേതാണ് ഗവേഷണ പദ്ധതി. ദുബൈയിൽ രണ്ട് ബില്യൺ ദിർഹം ചെലവു വരുന്ന കൂറ്റൻ ഡാറ്റ സെന്ററും നിർമിക്കാൻ ധാരണയായിട്ടുണ്ട്. ടെക് ഭീമനായ മൈക്രോസോഫ്റ്റും യുഎഇ ടെലികമ്യൂണിക്കേഷൻ കമ്പനിയായ ഡുവും ചേർന്നാണ് ഡാറ്റ സെന്റർ നിർമിക്കുക.
Adjust Story Font
16

