റമദാനിലേക്ക് ഫാദേഴ്‌സ് ഫണ്ട് പ്രഖ്യാപിച്ച് ദുബൈ; 100 കോടി ദിർഹം സമാഹരിക്കും
പിതാക്കളുടെ പേരിൽ ജീവകാരുണ്യപ്രവർത്തനം

ദുബൈ: റമദാനിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ദുബൈ പിതാക്കൻമാരുടെ പേരിൽ ഫണ്ട് പ്രഖ്യാപിച്ചു. ഫാദേഴസ് ഫണ്ട് എന്ന പേരിൽ നൂറുകോടി ദിർഹം സമാഹരിക്കും. ജീവിച്ചിരിക്കുന്നവരും കടന്നുപോയവരുമായി ഒരോരുത്തരുടെയും പിതാക്കളുടെ പേരിലായിരിക്കും റമദാനിൽ ജീവകാരുണ്യ പദ്ധതികൾ നടപ്പാക്കുകയെന്ന് യു.എ.ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് പറഞ്ഞു. ഹൃദയസ്പർശിയായ വീഡിയോ പങ്കിവെച്ചാണ് യു.എ.ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം ഫാദേഴ്‌സ് ഫണ്ട് പ്രഖ്യാപിച്ചത്.
'പിതാവ് ആദ്യ മാതൃകയും ആദ്യ കൈത്താങ്ങും ആദ്യ അധ്യാപകനും ജീവിതത്തിൽ ശക്തിയുടെയും ജ്ഞാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ഉറവിടവുമാ'ണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
പാവപ്പെട്ടവർക്കും ചികിത്സക്കുള്ള സാമ്പത്തിക ചെലവ് താങ്ങാനാവാത്തവർക്കും ആരോഗ്യസംരക്ഷണ വഴികളൊരുക്കാൻ ഫാദേഴ്‌സ് ഫണ്ട് വിനിയോഗിക്കും. അനുഗ്രഹീത മാസത്തിൽ നമ്മുടെ പിതാക്കൻമാരുടെ പേരിൽ ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ അവരെ പിന്തുണക്കുക, കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുക, യു.എ.ഇയെയും അതിന്റെ സ്ഥാപകരെയും എല്ലാ പിതാക്കൻമാരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് ശൈഖ് മുഹമ്മദ് കുറിച്ചു. കഴിഞ്ഞവർഷം വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി റമദാനിൽ മദേഴ്‌സ് ഫണ്ടും പ്രഖ്യാപിച്ചിരുന്നു.
Adjust Story Font
16

