ഇവിടെ കാറുകൾ വേണ്ട; സൂപ്പർ ബ്ലോക് പദ്ധതി പ്രഖ്യാപിച്ച് ദുബൈ
വാഹനങ്ങളുടെ ശല്യമില്ലാത്ത സ്ട്രീറ്റുകൾ പണിയുകയാണ് ദുബൈ

ദുബൈ: കാർബൺ ബഹിർഗമനം ലോകജനതയ്ക്കു തന്നെ ഭീഷണിയാകുന്ന കാലത്ത് വാഹനങ്ങളുടെ ശല്യമില്ലാത്ത സ്ട്രീറ്റുകൾ പണിയുകയാണ് ദുബൈ. സൂപ്പർ ബ്ലോക് എന്ന പേരിലാണ് പുതിയ ഹരിതനഗര പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്.
ദുബൈയിലെ ഏറ്റവും തിരക്കേറിയ തെരുവുകളിലൊന്നായ കറാമയിൽ കാറുകൾ ഓടാത്തൊരു കാലത്തെ കുറിച്ച് ചിന്തിച്ചു നോക്കൂ. അങ്ങനെയൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ദുബൈ. കറാമ അടക്കം ദുബൈയിലെ നാലു പ്രധാനപ്പെട്ട സ്ഥലങ്ങളിൽ സൂപ്പർ ബ്ലോക് എന്ന പേരിലാണ് പദ്ധതി. കാൽനട യാത്രയും സൈക്കിളുകളും മാത്രമായിരിക്കും ഇവിടങ്ങളിൽ അനുവദിക്കുക. കറാമയെ കൂടാതെ, അൽ ഫാഹിദി, അബൂഹൈൽ, അൽ ഖൂസ് ക്രിയേറ്റീവ് സോൺ എന്നിവിടങ്ങളാണ് സൂപ്പർ ബ്ലോക് ആകുന്നത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.
ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാനിന് അനുസൃതമായാണ് പദ്ധതി. നഗരത്തിലെ പരിസ്ഥിതി സൗഹൃദ ഹരിതയിടങ്ങൾ വർധിപ്പിക്കുകയും കാർബൺ മലിനീകരണത്തിന്റെ തോത് കുറയ്ക്കുകയുമാണ് ലക്ഷ്യം. ഭാവിനഗര പദ്ധതിയുടെ ഭാഗമായി ആറായിരത്തി അഞ്ഞൂറ് കിലോമീറ്റർ വരുന്ന കാൽനടപ്പാതയാണ് ദുബൈ വികസിപ്പിക്കുന്നത്. നഗരത്തെ കാൽനട സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ നേരത്തെ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ദുബൈ വാക്ക് എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ദുബൈയെ പച്ച പിടിപ്പിക്കുന്നതിന്റെ ഭാഗമായി മരം നട്ടുപിടിപ്പിക്കുന്ന പദ്ധതികളും അതിവേഗത്തിലാണ്. കഴിഞ്ഞ വർഷം മാത്രം രണ്ടു ലക്ഷത്തി പതിനാറായിരം മരങ്ങളാണ് നഗരത്തിൽ വച്ചു പിടിപ്പിച്ചത്.
Adjust Story Font
16