ഇവിടെ എപ്പോഴും സേഫാണ്!;കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് താമസമൊരുക്കാൻ ഹോട്ടലുകളോട് ദുബൈ ടൂറിസം
ചെലവ് യുഎഇ ഗവൺമെന്റ് വഹിക്കും

ദുബൈ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് യുഎഇ വ്യോമപാത അടച്ചതോടെ യാത്രാതടസ്സം നേരിട്ട വിനോദസഞ്ചാരികൾക്കും ട്രാൻസിറ്റ് യാത്രക്കാർക്കും ആശ്വാസവുമായി ദുബൈ അധികൃതർ. ദുബൈയിൽ കുടുങ്ങിയ സന്ദർശകർക്ക് നിലവിലുള്ള ബുക്കിങ് വ്യവസ്ഥകളിൽ തന്നെ താമസം നീട്ടിനൽകാൻ ഹോട്ടലുകളോട് ദുബൈ സാമ്പത്തിക-ടൂറിസം വകുപ്പ് (DET) ആവശ്യപ്പെട്ടു.
കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ താമസത്തിനും ഭക്ഷണത്തിനുമുള്ള ചെലവ് ഗവൺമെന്റ് വഹിക്കുമെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) നേരത്തെ അറിയിച്ചിരുന്നു. അത്യാവശ്യമായവർക്കായി 15,000-ത്തിലധികം വിസകൾ ഇതിനകം അനുവദിച്ചുകഴിഞ്ഞിട്ടുണ്ട്. ദുബൈയിൽ ഇത്തരം യാത്രക്കാർക്കായി നിയന്ത്രിത രീതിയിൽ വിമാന സർവീസുകളും പുനരാരംഭിച്ചു. നിലവിൽ മണിക്കൂറിൽ 48 വിമാനങ്ങൾ എന്ന കണക്കിൽ സർവീസ് നടത്താൻ എയർ കോറിഡോർ തുറന്നതായും അധികൃതർ അറിയിച്ചു.
പൗരന്മാരുടെയും സന്ദർശകരുടെയും സുരക്ഷയ്ക്കാണ് രാജ്യം പ്രഥമ പരിഗണന നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. എമിറേറ്റ്‌സ്, ഫ്ലൈ ദുബായ് എന്നീ വിമാനക്കമ്പനികൾ ഘട്ടംഘട്ടമായി സർവീസുകൾ പുനസ്ഥാപിച്ചു വരികയാണ്. യാത്രക്കാർ ഏറ്റവും പുതിയ വിവരങ്ങൾക്കായി ഔദ്യോഗിക ചാനലുകൾ ശ്രദ്ധിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.
Adjust Story Font
16

