നിരത്തുകള്‍ കീഴടക്കാന്‍ ഡ്രൈവറില്ലാ കാറുകള്‍; ദുബൈയില്‍ സ്ട്രീറ്റ് മാപ്പിങ് ആരംഭിച്ചു

- Published:
5 Jun 2022 10:00 PM IST

എന്നും പുതുമയും ഏറ്റവും മികച്ചതും മാത്രം തേടുന്ന ദുബൈ നഗരത്തിന്റെ നിരത്തുകള്‍ ഇനി ഡ്രൈവറില്ലാ കാറുകള്‍ കീഴടക്കും. അതിനുള്ള ഒരുക്കങ്ങള്‍ ദുബൈയില്‍ തുടങ്ങിക്കഴിഞ്ഞു. ഇതിനായി തെരുവുകളുടെ ഡിജിറ്റല്‍ മാപ്പിങ് നടപടികളാണ് ദുബൈ മുനിസിപ്പാലിറ്റി ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.
പുതിയ ശ്രമത്തിന്റെ ഭാഗമായി ഗൂഗിള്‍ മാപ്പുകളുടെ രൂപത്തിലുള്ള വാഹനങ്ങളും ദുബൈ നിരത്തുകളിലിറങ്ങിക്കഴിഞ്ഞു. ഡ്രൈവറില്ലാ വാഹനങ്ങളുടെ സെന്‍സറുകള്‍ക്ക് കൃത്യമായി പിന്തുടരാന്‍ കഴിയുന്ന രീതിയില്‍, മികച്ച മാനദണ്ഡങ്ങളും ലോകനിലവാരത്തിലുള്ള രീതികളും സമന്വയിപ്പിച്ച് വളരെ കൃത്യമായ ഡിജിറ്റല്‍ മാപ്പ് നിര്‍മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഡ്രൈവറില്ലാ വാഹനങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സുകള്‍ക്ക് ഈ മാപ്പുകള്‍ വലിയ അളവില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഭാവിയില്‍ ദുബൈ ഗതാഗതത്തിന്റെ ഭൂരിഭാഗവും ഡ്രൈവറില്ലാ വാഹനങ്ങള്‍ കീഴടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത വര്‍ഷത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രൈവറില്ലാ ടാക്‌സികള്‍ നിരത്തിലിറക്കാനാണ് ദുബൈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
2030 ഓടെ 25 ശതമാനം യാത്രകളും ഡ്രൈവറില്ലാ വാഹനങ്ങളുപയോഗിച്ചായിരിക്കണമെന്നാണ് യുഎഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ലക്ഷ്യമിടുന്നത്.
Adjust Story Font
16
