Quantcast

പുതുവർഷത്തെ വരവേൽക്കാൻ ദുബൈ നഗരത്തിൽ വിപുലമായ ഒരുക്കങ്ങൾ തുടങ്ങി

ദുബൈയിലെ 40 കേന്ദ്രങ്ങളിലാണ് ഇത്തവണ വെടിക്കെട്ട് ഒരുക്കുന്നത്

MediaOne Logo

Web Desk

  • Published:

    27 Dec 2025 12:25 AM IST

പുതുവർഷത്തെ വരവേൽക്കാൻ ദുബൈ നഗരത്തിൽ വിപുലമായ ഒരുക്കങ്ങൾ തുടങ്ങി
X

ദുബൈ: പുതുവർഷത്തെ വരവേൽക്കാൻ ദുബൈ നഗരത്തിൽ വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. ബുർജുൽ അറബ്, അറ്റ്ലാന്റിസ്, പാം ജുമൈറ, ഐൻ ദുബൈ, ഗ്ലോബൽവില്ലേജ്, ദുബൈ ഫ്രെയിം, എക്സ്പോ സിറ്റി പിന്നെ ലോകം ഉറ്റുനോക്കുന്ന ബുർജ് ഖലീഫ എന്നിങ്ങനെ 40 കേന്ദ്രങ്ങളിൽ 43 വെടിക്കെട്ട് പ്രദർശനങ്ങളാണ് പുതുവർഷ രാവിൽ ദുബൈ നഗരത്തെ വർണാഭമാക്കുക. സുരക്ഷ ഉറപ്പാക്കാൻ പതിനായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരും, ആയിരത്തി അറൂനൂറിലേറെ പട്രോളിങ് വാഹനങ്ങളും രംഗത്തുണ്ടാകും. ഡിസംബർ 31 ന് വൈകുന്നേരം നാല് മുതൽ ബുർജ് ഖലീഫ പരിസരത്തെ റോഡുകൾ അടച്ച് തുടങ്ങും.

ഡിസംബർ 31 ന് വൈകുന്നേരം നാല് മുതൽ ബുർജ് ഖലീഫ് പരിസരത്തേക്കുള്ള മുഴുവൻ റോഡുകളും അടക്കും. രാത്രി 11 മണിയോടെ ദുബൈ രാജവീഥിയായ ശൈഖ് സായിദ് റോഡും അടക്കും. വൈകുന്നേരം അഞ്ചിന് ബുർജ് ഖലീഫ-ദുബൈ മാൾ മെട്രോ സ്റ്റേഷനും അടക്കും. ആഘോഷവേദിയിലേക്ക് എത്താൻ സമീപത്തെ മറ്റ് മെട്രോ സ്റ്റേഷനുകളിൽ ഇറങ്ങാനാണ് ദുബൈ ആർ.ടി.എയുടെ നിർദേശം.


സെന്റർപോയിന്റ്, ഇത്തിസലാത്ത്, നാഷണൽ പെയിന്റിസ്, ജുമൈറ ഗോൾഫ് എസ്റ്റേറ്റ് തുടങ്ങിയ മെട്രോസ്റ്റേഷനുകളിലെ പാർക്കിങിൽ വാഹനം നിർത്തിയിട്ട് മെട്രോയിൽ ആഘോഷവേദിയിലെത്തണം. ദുബൈ വാട്ടർകനാലിന് കുറുകെയുള്ള കാൽനടപാതകൾ, അവിടേക്കുള്ള ലിഫ്റ്റുകൾ എന്നിവ പ്രവർത്തിക്കില്ല. ദുബൈ മെട്രോ 43 മണിക്കൂർ തുടർച്ചയായി സർവീസ് നടത്തും. ഡിസംബർ 31 രാവിലെ 5:00 മുതൽ ജനുവരി ഒന്നിന് രാത്രി 12 വരെയാണ് മെട്രോ നിർത്താതെ സർവീസ് നടത്തുക. ദുബൈ ട്രാമും 43 മണിക്കൂർ യാത്രക്കാരെ കൊണ്ടുപോകും. അർവാസൽ ക്ലബ്, അൽകിഫാഫ് എന്നിവിടങ്ങളിൽ ബദൽ പാർക്കിങ് സൗകര്യം ഏർപ്പെടുത്തും. ഇവിടെ നിന്ന് ആഘോഷവേദിയിലേക്ക് പോകാനും വരാനും ആർ.ടി.എയുടെ സൗജന്യബസ് സർവീസുണ്ടാകും.

ബുർജ് ഖലീഫ പരിസരത്തോട് ചേർന്ന് കിടക്കുന്ന ശൈഖ് സായിദ് റോഡ്, അൽഖൈൽ റോഡ്, അൽഐൻ റോഡ്, ഊദ് മേത്ത റോഡ് എന്നിവിടങ്ങളിൽ വാഹനം നിർത്തിയിടുന്നതിന് വിലക്ക് ഏർപ്പെടുത്തുമെന്ന് ആർ.ടി.എ അറിയിച്ചു. പൊതുബസുകൾ മാത്രമാണ് മെട്രോ സ്റ്റേഷനിൽ നിന്നും ടാക്സി പാർക്കിങ് , ബദൽ പാർക്കിങ് കേന്ദ്രങ്ങളിലേക്കും അനുവദിക്കുക. അൽവാസൽ ക്ലബ്, അൽകിഫാഫ് എന്നിവിടങ്ങിളായിരിക്കും ടാക്സികൾ കേന്ദ്രീകരിക്കുക. ആഘോഷങ്ങളിൽ പങ്കെടുക്കാൻ താത്പര്യമില്ലാത്തവർ നേരത്തേ തന്നെ ബുർജ് ഖലീഫ പരിസരത്ത് നിന്ന് ലക്ഷ്യസ്ഥാനങ്ങളിലേക്ക് മടങ്ങണം. ഇവർക്ക് അൽമുറൂജ് സ്വിസ്സോട്ടൽ പരിസരത്ത് നിന്ന് ബദൽ പാർക്കിങ് കേന്ദ്രങ്ങളിലേക്ക് സൗജന്യ ബസ് സർവീസുണ്ടാകും.

TAGS :

Next Story