Quantcast

ദുബൈയിൽ സിക്ക് ലീവ് തട്ടിപ്പ്; പ്രവാസികൾ ജാ​ഗ്രതൈ

വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമിച്ച് നൽകിയതിന്റെ പേരിൽ ക്ലിനിക് ജീവനക്കാരിക്ക് ലഭിച്ചത് കടുത്ത ശിക്ഷ

MediaOne Logo

റസിൻ അബ്ദുൽ അസീസ്

  • Updated:

    2026-10-23 05:15:40

Published:

23 Oct 2026 9:45 AM IST

ദുബൈയിൽ സിക്ക് ലീവ് തട്ടിപ്പ്; പ്രവാസികൾ ജാ​ഗ്രതൈ
X

ദുബൈ: ജോലിത്തിരക്കിനിടയിൽ ഒരു ദിവസം അവധി കിട്ടാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല. വർഷാവസാനമാകുമ്പോൾ ബാക്കിയുള്ള സിക്ക് ലീവ് എങ്ങനെ എടുത്തു തീർക്കുമെന്നായിരിക്കും പ്രധാനപ്പെട്ട ആശങ്ക. ചെറിയ കള്ളത്തരങ്ങൾ തുടങ്ങി വ്യാജ സർട്ടിഫിക്കറ്റുകൾ വെച്ച് സിക്ക് ലീവ് നേടിയെടുക്കാറുണ്ട് നമ്മളിൽ പലരും. എന്നാൽ കമ്പനിയെ കബളിപ്പിച്ച് നടത്തുന്ന ഇത്തരം തട്ടിപ്പുകൾക്ക് വലിയ വില കൊടുക്കേണ്ടി വന്നേക്കാം. കഴിഞ്ഞ ദിവസം ദുബൈയിൽ നിന്ന് പുറത്തു വന്ന വാർത്ത പ്രവാസികൾ ഉൾപ്പെടെയുള്ള സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള മുന്നറിയിപ്പാണ്.

പെയ്ഡ് ലീവുകൾ നേടിയെടുക്കാൻ ഒരു കമ്പനിയിലെ തൊഴിലാളികൾക്ക് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമിച്ച് നൽകിയതിന്റെ പേരിൽ ക്ലിനിക് ജീവനക്കാരിക്കും കൂട്ടുപ്രതികൾക്കും തടവുശിക്ഷ വിധിച്ചിരിക്കുകയാണ് ദുബൈ ക്രിമിനൽ കോടതി. വ്യാജ രേഖാ നിർമാണം, വിശ്വാസവഞ്ചന, കോർപറേറ്റ് തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. പ്രവാസികളായ പ്രതികളെ ശിക്ഷാ കാലാവധിക്കുശേഷം നാടുകടത്താനും പിഴയും സാമ്പത്തിക നഷ്ടപരിഹാരവും ഏർപ്പെടുത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ആവശ്യമായ വൈദ്യപരിശോധനകൾ നടത്താതെ പഴയ തീയതികളിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുകയും ഡോക്ടർമാരുടെ പേരിൽ വ്യാജ ഡിജിറ്റൽ ഒപ്പുകളും പതിപ്പിച്ചായിരുന്നു ഇവരുടെ തട്ടിപ്പ് രീതി. ഇതിനായി ക്ലിനിക്കിന്റെ ഇലക്ട്രോണിക് ഹെൽത്ത് പോർട്ടൽ ഉപയോ​ഗിക്കുകയും ചെയ്തു. ഓരോ സർട്ടിഫിക്കറ്റിനും നൂറ് ദിർഹം മുതൽ ആയിരത്തിലധികം ദിർഹം വരെ ഇവർ പണം വാങ്ങിയിരുന്നതായാണ് പൊലീസ് പറയുന്നത്. ക്ലിനിക്കിലെ ഒരു സാധാരണ ക്ലർക്കാണ് ഈ തട്ടിപ്പുകൾക്ക് ചുക്കാൻ പിടിച്ചത്. കമ്പനിയിലെ നിരവധി ജീവനക്കാർക്ക് ഇതിലൂടെ സിക്ക് ലീവുകൾ ലഭിക്കുകയും ചെയ്തു. വ്യാജ അവധികളുടെ പേരിൽ കമ്പനിക്ക് ഭീമമായ തുകയാണ് ചെലവഴിക്കേണ്ടി വന്നത്.

എന്നാൽ അധികം വൈകാതെ തട്ടിപ്പ് പുറത്തു വന്നു. കമ്പനിയിലെ ജീവനക്കാർക്കിടയിൽ അപ്രതീക്ഷിതമായും ആവർത്തിച്ചും സിക്ക് ലീവുകൾ എടുക്കുന്ന പ്രവണത വർധിച്ചതോടെയാണ് ആദ്യം സംശയം ഉയർന്നത്. പിന്നാലെ ജീവനക്കാർ സമർപ്പിച്ച സർട്ടിഫിക്കറ്റുകളിൽ ഒരേ ക്ലിനിക്കിന്റെ ഡിജിറ്റൽ മുദ്ര പതിപ്പിച്ചിരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കമ്പനിയുടെ എച്ച്ആർ വിഭാഗം വ്യാപക പരിശോധന നടത്തുകയായിരുന്നു. ആവശ്യമായ വൈദ്യപരിശോധന നടത്താതെ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകാൻ ക്ലിനിക്കിലെ ജീവനക്കാരി കമ്പനിയിലെ ചില ജീവനക്കാരുമായി ചേർന്ന് പ്രവർത്തിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

കേസ് കോടതിയിലെത്തി. കമ്പനിയുടെ ഭരണപരമായ വീഴ്ചയാണിതെന്നും തൊഴിലാളികളാണ് കേസിൽ ഉത്തരവാദികളെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഔദ്യോഗിക മെഡിക്കൽ രേഖകൾ ബോധപൂർവം വ്യാജമായി നിർമിക്കുകയും ക്ലിനിക്കിന്റെ ഇലക്ട്രോണിക് സംവിധാനം ദുരുപയോഗവും ചെയ്ത ക്ല‍ർക്കും സഹായികളുമാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. വ്യാജ സർട്ടിഫിക്കറ്റുകളിലെ അവധികൾ യഥാർഥ സിക്ക് ലീവായി കമ്പനികൾ അംഗീകരിക്കാൻ ഇടയാക്കിയതിനും പ്രതികൾ ഉത്തരവാദികളാണെന്ന് കോടതി നിരീക്ഷിച്ചു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾക്ക് തടവുശിക്ഷയും മറ്റ് ശിക്ഷാനടപടികളും വിധിച്ചത്.

പ്രവാസി ജീവനക്കാർ വളരെ ജാ​ഗ്രത പാലിക്കേണ്ട വിഷയമാണിത്. സിക്ക് ലീവ് ലഭിക്കാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നത് ചെറിയൊരു നിയമലംഘനമായി കാണാനാവില്ല. ഇത്തരം തട്ടിപ്പുകൾ മെഡിക്കൽ രേഖകളുടെ വിശ്വാസ്യതക്ക് മങ്ങലേൽപിക്കുകയും കമ്പനികൾക്ക് ഭീമമായ തുക സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യും. ഔദ്യോഗിക രേഖകളുടെ വ്യാജനിർമാണവും തട്ടിപ്പും ഗുരുതരമായ നിയമനടപടികൾക്കും കാരണമാകും. പ്രതികളാകുന്ന പ്രവാസികൾക്ക് തടവുശിക്ഷയ്ക്കു പുറമെ നാടുകടത്തൽ നടപടിയും നേരിടേണ്ടിവരുമെന്നത് ഈ കേസിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്.

TAGS :

Next Story