Quantcast

മുഖംമാറി ഹത്ത; ആംഫിതിയേറ്ററും നവീകരിച്ച ഫാമും തുറന്നു

സമ​ഗ്രവികസന പദ്ധതികൾ പൂർത്തിയായതായി അധികൃതർ

MediaOne Logo

Web Desk

  • Published:

    24 Nov 2025 5:15 PM IST

Dubai completes major phase of Hatta development plan
X

ദുബൈ: നവീന ആംഫിതിയേറ്ററും നവീകരിച്ച ഫാമും തുറന്നു. പുതിയ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി സൗകര്യങ്ങൾ, ഗതാഗത സംവിധാനങ്ങൾ, വിനോദസഞ്ചാര ആകർഷണങ്ങൾ എന്നിവ വിപുലീകരിച്ചതായി അധികൃതർ അറിയിച്ചു.

നേരിയ ചെരിവുകളോടെ പ്രകൃതിയുമായി ഒത്തുചേരുന്ന രൂപകൽപനയിൽ ഹത്ത ഡാമിൻ്റെ ഏറ്റവും ഉയരത്തിലായി നിർമിച്ച ആംഫിതിയേറ്റർ ആണ് ഹത്തയിലെ പ്രധാന ആകർഷണം. ആറ് വിശ്രമസ്ഥലങ്ങളോടുകൂടിയ പാതയിലൂടെ 17 മിനിറ്റ് കൊണ്ട് മുകളിലെത്താം. സഞ്ചാരികൾക്ക് ഡാം, പർവതനിരകൾ, കയാക്കിങ് തുടങ്ങിയവ ഇവിടെ നിന്ന് അനുഭവിക്കാം. വികലാം​ഗർക്കും ഇവിടേക്ക് പ്രവേശനയോഗ്യമാണ്.

18,600 ചതുരശ്ര മീറ്ററിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കൂളിന്റെ നിർമാണവും പൂർത്തിയായി. സംയോജിത വിദ്യഭ്യാസ കോംപ്ലക്‌സ് ഉൾപ്പെടുന്ന ഇവിടെ 1000 വിദ്യാർഥികളെ ഉൾക്കൊള്ളും. 44 ക്ലാസ് മുറികൾ, സയൻസ് ആൻഡ് ലേണിങ് ലാബുകൾ, 4700 ചതുരശ്ര മീറ്റർ വിസ്‌തൃതിയുള്ള കളിസ്ഥലം, കിൻഡർഗാർഡൻ വിഭാഗം, മെഡിക്കൽ ക്ലിനിക് എന്നിവയും സ്കൂളിന്റെ ഭാ​ഗമായി നിർമിച്ചിട്ടുണ്ട്. 14 സ്കൂൾ ബസുകൾ, 52 കാറുകൾ എന്നിവക്കുള്ള പാർക്കിങ് സൗകര്യവും ഇവിടെയുണ്ട്.

ഹത്ത പരിസരങ്ങളിലെ കൃഷി വ്യാപിക്കുക, ഹൈഡ്രോപോണിക് സംവിധാനങ്ങൾ ഉപയോഗിച്ച് ഹരിതഗൃഹം നവീകരിക്കുക, പുതിയ യൂനിറ്റുകൾ സ്ഥാപിച്ച് ശീതീകരണ സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക, സമർപ്പിത വിത്ത്-നഴ്‌സറി സൗകര്യം നിർമിക്കുക തുടങ്ങിയവ ഉൾപ്പെടുത്തി സ്ട്രോബറി ഫാം നവീകരിച്ചു. കൂടാതെ വിത്തുകളുടെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിന് സ്മാർട്ട് ക്രോപ്പ് മാനേജ്മെന്റ് സംവിധാനവും അവതരിപ്പിച്ചിട്ടുണ്ട്.

ലീഫി ഗ്രീൻ ഫാമിൽ മൂന്ന് ഹൈഡ്രോപോണിക് ഗ്രീൻഹൗസുകളാണ് വികസിപ്പിച്ചിരിക്കുന്നത്. പ്രത്യേക സംഭരണസ്ഥലം, പ്രത്യേക പരിശീലനമുറികൾ എന്നിവ ഉൾപ്പെടെ സംയോജിത സൗകര്യങ്ങളും ഇവിടെയുണ്ട്. ഉപഭോക്താക്കൾക്ക് ഫാമുകളിൽ നിന്ന് നേരിട്ട് ഉൽപന്നങ്ങൾ വാങ്ങുന്നതിന് ഡയറക്ട് ഔട്ട്ലെറ്റുകൾ തുറന്നു. ഹരിതയിടങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം സന്ദർശകർക്കായി പുതിയ പർവതയിടങ്ങളും പദ്ധതിയുടെ ഭാഗമായി നിർമിച്ചു. ഇതുവഴി ഹത്തയിലേക്കുള്ള സന്ദർശകരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ.

TAGS :

Next Story