ദുബൈയിൽ ഈ സ്കൂട്ടർ ഓടിക്കാനുള്ള അനുമതിക്കായി ഈമാസം 28 മുതൽ അപേക്ഷിക്കാം
ആർ ടി എ വെബ്സൈറ്റ് വഴി സൗജന്യമായാണ് പെർമിറ്റ് നൽകുക

ദുബൈയിൽ ഈ സ്കൂട്ടർ ഓടിക്കാനുള്ള അനുമതിക്കായി ഈമാസം 28 മുതൽ അപേക്ഷിക്കാം. ആർ ടി എ വെബ്സൈറ്റ് വഴി സൗജന്യമായാണ് പെർമിറ്റ് നൽകുക. ഇ സ്കൂട്ടർ ഓടിക്കാനുള്ള ബോധവത്കരണ പരിശീലന കോഴ്സ് വിജയകരമായി പൂർത്തിയാകുന്നവർക്ക് പെർമിറ്റ് നൽകും. 16 വയസ് പിന്നിട്ടവർക്ക് മാത്രമാണ് അനുമതി ലഭിക്കുക.
ആർ ടി എ വെബ്സൈറ്റ് മുഖേനയാണ് ഇ സ്കൂട്ടർ ഡ്രൈവിങ് അനുമതിക്കായി അപേക്ഷിക്കേണ്ടതും ബോധവത്കരണ കോഴ്സിൽ പങ്കെടുക്കേണ്ടതും. ദുബൈ നഗരത്തിൽ സുരക്ഷിതമായി ഇ സ്കൂട്ടറുകൾ ഓടിക്കാൻ അനുവാദമുള്ള സ്ട്രീറ്റുകളിൽ ഇവ ഉപയോഗിക്കാനാണ് പ്രത്യേക പെർമിറ്റ് നൽകുന്നത്. സൈക്കിൾ പാത, നടപ്പാതയുടെ വശങ്ങൾ എന്നിവിടങ്ങളിൽ ഇ സ്കൂട്ടർ ഓടിക്കുന്നതിന് അനുമതി നിർബന്ധമില്ല.
അനുമതിയില്ലാതെ ഇ സ്കൂട്ടർ ഓടിക്കുക, ആർ ടി എ അനുവദിച്ച മാനദണ്ഡങ്ങൾ പാലിക്കാത്ത ഇ സ്കൂട്ടർ ഉപയോഗിക്കുക എന്നിവ നിയമലംഘനമാണ്. 200 ദിർഹമാണ് ഇതിന് പിഴയീടാക്കുക. ഡ്രൈവിങ് ലൈസൻസുള്ളവർ, മോട്ടോർബൈക്ക് ലൈസൻസുള്ളവർ, അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസുള്ളവർ എന്നിവർക്ക് ഇ സ്കൂട്ടറിന് പ്രത്യേക അനുമതി ആവശ്യമില്ല. പെർമിറ്റിന് നൽകുന്നതിന് മുന്നോടിയായ നടക്കുന്ന ബോധവതകരണ പരിശീലന പരിപാടിയിൽ ഇ സ്കൂട്ടർ ഓടിക്കുന്നവരുടെ ഉത്തരവാദിത്തങ്ങൾ, ട്രാഫിക് ചിഹ്നങ്ങൾ, ഈ സ്കൂട്ടറുകളുടെ സാങ്കേതിക വശങ്ങൾ, മാനദണ്ഡങ്ങൾ എന്നിവയാണ് പ്രതിപാദിക്കുക.
Adjust Story Font
16

