ഇത്തിഹാദ് റെയിൽ അൽ യലായിസ് സ്റ്റേഷനിൽ നിന്ന് ദുബൈ മെട്രോയിലേക്ക് നടന്നെത്താം; പാലം നാളെ തുറക്കും
ഏകദേശം 400 മീറ്റർ നീളമുള്ളതാണ് ഈ നടപ്പാലം

ദുബൈ: ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഇനി ദുബൈ മെട്രോയിലേക്ക് നേരിട്ട് നടന്നെത്താം. ഇത്തിഹാദ് റെയിലിന്റെ അൽ യാലായിസ് സ്റ്റേഷനെയും ദുബൈ മെട്രോയുടെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന കാൽനടപ്പാലം നാളെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ ടാക്സികളെയോ ബസുകളെയോ ആശ്രയിക്കാതെ തന്നെ യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനിൽ നിന്ന് മെട്രോയിലേക്ക് മാറിക്കയറാം. ഏകദേശം 400 മീറ്റർ നീളമുള്ളതാണ് ഈ പാലം.
ട്രെയിനിൽ ദുബൈയിലെത്തുന്ന യാത്രക്കാർക്ക് നഗരത്തിലെ പ്രധാന വാണിജ്യ, റസിഡൻഷ്യൽ, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് മെട്രോ വഴി എളുപ്പത്തിൽ യാത്ര ചെയ്യാം. അതുപോലെ തന്നെ ദുബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് മെട്രോയിലെത്തി കാൽനടയായി റെയിൽവേ സ്റ്റേഷനിലേക്ക് നടന്നുപോകാനും സാധിക്കും. കഴിഞ്ഞ സെപ്തംബർ 30-നാണ് ദുബൈയിലെ അൽ യാലായിസ് സ്റ്റേഷനെയും അബൂദബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനെയും ബന്ധിപ്പിച്ചുകൊണ്ട് ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ആരംഭിച്ചത്. അബൂദബി-ദുബൈ യാത്രാസമയം ഏകദേശം ഒരു മണിക്കൂറാണ്. 39 ദിർഹം മുതലാണ് കംഫർട്ട് ക്ലാസ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്.
Adjust Story Font
16

