ദുബൈയിൽ ഷെയേർഡ് താമസത്തിന് പുതിയ നിയമം: 44 മേഖലകൾക്ക് അനുമതി
കൂടുതൽ മേഖലകൾക്ക് അനുമതി ലഭിക്കുന്നതനുസരിച്ച് പട്ടിക വിപുലീകരിക്കും

ദുബൈ: ദുബൈയിൽ ഷെയേർഡ് താമസത്തിന് ഉപയോഗിക്കാവുന്ന 44 മേഖലകൾ ദുബൈ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. ഫ്ലാറ്റുകളും വില്ലകളും ഉൾക്കൊള്ളുന്ന മേഖലകളാണ് ഷെയേർഡ് താമസത്തിന് ഉപയോഗിക്കാമെന്ന് പ്രഖ്യാപിച്ചത്. അൽ സൂഖ് അൽ കബീർ, അൽ റാസ്, അൽ വർഖ 1, അൽ ബർഷ 1, അൽ മുറഖബാത്ത്, അൽ റിഗ്ഗ തുടങ്ങിയ പ്രധാന മേഖലകൾ പട്ടികയിലുണ്ട്. കൂടുതൽ മേഖലകൾക്ക് അനുമതി ലഭിക്കുന്നതനുസരിച്ച് പട്ടിക വിപുലീകരിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. ഈ വർഷം പുറത്തിറക്കിയ പ്ലാനിങ് ആൻഡ് ബിൽഡിങ് റിക്വയർമെന്‍റസ് ഫോർ ഷെയേർഡ് ഹൗസിങ് ആൻഡ് പെർമിറ്റഡ് ഏരിയാസ് നിയമ പ്രകാരമാണ് പുതിയ മേഖലകളും താമസ മാനദണ്ഡങ്ങളും വ്യക്തമാക്കുന്നത്. ഷെയേർഡ് ഹൗസിങ്ങിൽ താമസിക്കുന്നവരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നതിനൊപ്പം കെട്ടിട ഉടമകളുടെയും താമസക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും നിയമത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. നിലവിൽ ഷെയർഡ് ഹൗസിങ്ങായി ഉപയോഗിക്കുന്ന കെട്ടിടങ്ങളുടെയും വില്ലകളുടെയും സ്ഥിതി പുതിയ മാനദണ്ഡങ്ങൾക്കനുസരിച്ച് ക്രമീകരിക്കാൻ ഉടമകൾക്കും പ്രോപ്പർട്ടി മാനേജ്മെന്റ്, ലീസിങ് കമ്പനികൾക്കും ഒരു വർഷം സമയം അനുവദിച്ചിട്ടുണ്ട്. 2026 സെപ്റ്റംബർ 8ന് നിയമം പ്രാബല്യത്തിൽ വന്നതോടെയാണ് ഈ ഒരു വർഷത്തെ കാലയളവ് ആരംഭിച്ചത്. എന്നാൽ ഈ സമയപരിധി കെട്ടിടത്തിലെ നിയമലംഘനങ്ങൾ പരിഹരിക്കാനുള്ള ബാധ്യതയിൽനിന്ന് ഉടമകളെ ഒഴിവാക്കുന്നില്ല. അനധികൃതമായി ഉപയോഗം മാറ്റിയതോ പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്നതോ ആയ സാഹചര്യങ്ങൾ നിയമപ്രകാരം പരിഹരിക്കണം.
ഒരാൾക്ക് കുറഞ്ഞത് അഞ്ച് ചതുരശ്ര മീറ്റർ
പുതിയ ഗൈഡിൽ താമസസ്ഥലത്തിന്‍റെ വിസ്തീർണം സംബന്ധിച്ചും വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. ഓരോ വ്യക്തിക്കും കിടപ്പുമുറിയിൽ കുറഞ്ഞത് അഞ്ച് ചതുരശ്ര മീറ്റർ സ്ഥലം ഉണ്ടായിരിക്കണം.കുടുംബങ്ങൾക്കുള്ള ഷെയേർഡ് താമസത്തിൽ ഓരോ കുടുംബത്തിനും പ്രത്യേക കിടപ്പുമുറിയും അതിനോട് ചേർന്ന ബാത്ത്റൂമും ഉണ്ടായിരിക്കണം. താമസക്കാരുടെ എണ്ണത്തിനും താമസ വിഭാഗത്തിനും അനുസരിച്ച് അടുക്കള, ശുചിമുറി, ഭക്ഷണം കഴിക്കാനുള്ള സ്ഥലം, വിനോദത്തിനുള്ള ഇടം, അലക്കൽ, വസ്ത്രങ്ങൾ ഉണക്കൽ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കണം. പുതുതായി നിർമിക്കുന്ന കെട്ടിടങ്ങൾക്കും നിലവിലുള്ള കെട്ടിടങ്ങൾ ഷെയർഡ് ഹൗസിങ്ങിനായി മാറ്റുന്നതിനും പുതിയ മാനദണ്ഡങ്ങൾ ബാധകമാണ്. കൂട്ടായ തൊഴിലാളി താമസകേന്ദ്രങ്ങൾ ഈ നിയമത്തിന്‍റെ പരിധിയിൽ വരില്ല. ഇവക്ക് പ്രത്യേക നിയമങ്ങളാണ് ബാധകം. ഒരു കെട്ടിടമോ വില്ലയോ ഷെയർഡ് ഹൗസിങ്ങായി ഉപയോഗിക്കുന്നതിന് മുമ്പ് ആവശ്യമായ പെർമിറ്റ് നേടണം. പെർമിറ്റ് നൽകുന്നതിന് മുമ്പ് ദുബൈ സിവിൽ ഡിഫൻസ് നിഷ്കർഷിക്കുന്ന ഫയർ അലാം, അഗ്നിശമന സംവിധാനങ്ങൾ എന്നിവയുടെ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും.
ആദ്യം ബോധവത്കരണം; പിന്നീട് ശക്തമായ പരിശോധന
നിയമം നടപ്പാക്കുന്നതിൽ ആദ്യഘട്ടത്തിൽ ബോധവത്കരണത്തിനും മാർഗനിർദേശത്തിനുമാണ് മുനിസിപ്പാലിറ്റി പ്രാധാന്യം നൽകുന്നത്. കെട്ടിട ഉടമകൾക്കും മാനേജ്മെന്‍റ് കമ്പനികൾക്കും തങ്ങളുടെ കെട്ടിടങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്താനും ആവശ്യമായ തിരുത്തലുകൾ വരുത്താനും അവസരം ലഭിക്കും. അമിതമായ താമസസാന്ദ്രത, ഗതാഗതക്കുരുക്ക്, നിയന്ത്രണമില്ലാത്ത താമസ രീതികൾ എന്നിവ കുറക്കാനും താമസക്കാരുടെ സുരക്ഷയും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിനും പുതിയ നിയന്ത്രണങ്ങൾ സഹായിക്കുമെന്നാണ് ദുബൈ മുനിസിപ്പാലിറ്റിയുടെ വിലയിരുത്തൽ. ഷെയർഡ് ഹൗസിങ്ങുമായി ബന്ധപ്പെട്ട പ്ലാനിങ്, നിർമാണം, സാങ്കേതികം, ആരോഗ്യം, പൊതുസുരക്ഷ തുടങ്ങിയ ആവശ്യകതകളും ഇത്തരം താമസത്തിന് അനുമതിയുള്ള മേഖലകളും ഗൈഡ് വ്യക്തമാക്കുന്നുണ്ടെന്ന് ബിൽഡിങ് റെഗുലേഷൻ ആൻഡ് പെർമിറ്റ്സ് ഏജൻസി സി.ഇ.ഒ മറിയം അൽ മുഹൈരി പറഞ്ഞു.
Adjust Story Font
16

