Quantcast

പ്രവാസി തൊഴിലാളികൾക്ക് ലൈഫ് ഇൻഷൂറൻസ് പദ്ധതിയുമായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്

സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം

MediaOne Logo

Web Desk

  • Published:

    5 March 2024 6:25 PM GMT

indian consulate dubai
X

ദുബൈ: യു.എ.ഇയിലെ ഇന്ത്യൻ തൊഴിലാളികൾക്ക് ലൈഫ് ഇൻഷൂറൻസ് പദ്ധതിയുമായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്. സ്വാഭാവിക മരണം സംഭവിക്കുന്ന തൊഴിലാളികളുടെ അവകാശികൾക്ക് നിലവിൽ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന സാഹചര്യത്തിലാണ് പുതിയ ഇൻഷൂറൻസ് പദ്ധതിയെന്ന് കോൺസുലേറ്റ് അധികൃതർ പറഞ്ഞു.

ലൈഫ് പ്രോട്ടക്ട് പ്ലാൻ എന്ന പേരിലാണ് പ്രവാസി തൊഴിലാളികൾക്കായി ഇന്ത്യൻ കോൺസുലേറ്റ് ലൈഫ് ഇൻഷൂറൻസ് പദ്ധതി അവതരിപ്പിച്ചത്. 37 ദിർഹം മുതൽ 72 ദിർഹം വരെ വാർഷിക പ്രീമിയം നൽകി പദ്ധതിയിൽ അംഗമാകാം. 37 ദിർഹം പ്രീമിയം അടക്കുന്നവർക്ക് 35,000 ദിർഹവും 50 ദിർഹം പ്രീമിയം അടക്കുന്നവർക്ക് 50,000 ദിർഹവും ആനുകൂല്യം ലഭിക്കും.

72 ദിർഹത്തിന്റെ പദ്ധതിയിൽ 75,000 ദിർഹമാണ് ആനൂകൂല്യമെന്ന് കോൺസുലേറ്റ് അറിയിച്ചു. ഗർഗാഷ് ഇൻഷൂറൻസ്, ഓറിയന്റ് ഇൻഷൂറൻസ് എന്നിവയുമായി ചേർന്നാണ് പദ്ധതി.

യു.എ.ഇയിലെ 35 ലക്ഷം ഇന്ത്യൻ പ്രവാസികളിൽ 65 ശതമാനവും ബ്ലൂകോളർ തൊഴിലാളികളാണ്. ഇവർക്ക് ജോലിചെയ്യുന്ന സ്ഥാപനം ആരോഗ്യ ഇൻഷൂറൻസും, ജോലിസ്ഥലത്ത് അപകടമോ, അപകമരണമോ സംഭവിച്ചാൽ ഇൻഷൂറൻസ് ആനുകൂല്യവും നൽകുന്നുണ്ട്. എന്നാൽ, സ്വഭാവിക മരണം സംഭവിക്കുന്ന തൊഴിലാളികൾക്ക് നിലവിൽ നഷ്ടപരിഹാരത്തിന് പദ്ധതികളില്ല.

കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത ഇന്ത്യക്കാരുടെ 1513 മരണങ്ങളിൽ 90 ശതമാനവും സ്വാഭാവിക മരണമായിരുന്നുവെന്ന് കോൺസുൽ ജനറൽ സതീഷ് ശിവൻ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി. പദ്ധതിയിൽ അംഗമാകുന്ന യു.എ.ഇ. തൊഴിൽവിസയുള്ള ആർക്കും ആഗോളതലത്തിൽ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും.

സ്വാഭാവിക മരണമായാലും, അപകടമരണമായാലും മൃതദേഹം നാട്ടിലെത്തിക്കാൻ 12,000 ദിർഹം വരെയുള്ള ചെലവ് ഇൻഷൂറൻസ് കമ്പനി വഹിക്കും. അംഗവൈകല്യമുണ്ടാക്കുന്ന അപകടങ്ങൾക്കും ഇൻഷൂറൻസ് ആനൂകൂല്യം ലഭിക്കും. ഈമാസം മുതൽ പദ്ധതിയിൽ അംഗമാകാം. കൂടുതൽ വിവരങ്ങൾക്ക് 0527172944 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും കോൺസുലേറ്റ് അറിയിച്ചു.

TAGS :

Next Story