DXBയിൽ യാത്രക്കാരുടെ ഒഴുക്ക്; സമ്മർ സീസണിൽ മാത്രം 2.42 കോടി യാത്രക്കാർ
88 ലക്ഷം യാത്രക്കാരുമായി ഇന്ത്യയാണ് ഒന്നാമത്

ദുബൈ: ലോകത്തിലെ ഏറ്റവും തിരക്കേറിയ ഹബ്ബായ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 65 വർഷത്തിനിടയിലെ ഏറ്റവും തിരക്കേറിയ ക്വാർട്ടർ രേഖപ്പെടുത്തി. 2025 ജൂലൈ-സെപ്തംബർ സമ്മർ സീസണിൽ മാത്രം 2.42 കോടി യാത്രക്കാരാണ് ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്തത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.9 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.
2025-ലെ ആദ്യ ഒമ്പത് മാസത്തിൽ ആകെ യാത്രക്കാരുടെ എണ്ണം 7.01 കോടി എന്ന സർവകാല റെക്കോർഡിൽ എത്തി. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 2.1 ശതമാനം ആണ് കൂടുതൽ.
മൂന്നാം ക്വാർട്ടറിൽ 1.15 ലക്ഷം വിമാനങ്ങളാണ് DXB കൈകാര്യം ചെയ്തത്. ഒരു വിമാനത്തിന് ശരാശരി 213 യാത്രക്കാരെന്ന നിരക്കും നിലനിർത്തി. യാത്രക്കാരുടെ എണ്ണത്തിലുള്ള വർധന നടപടികളെ ബാധിച്ചില്ല എന്നതും ശ്രദ്ധേയമാണ്. സുരക്ഷയും നടപടിക്രമങ്ങളുടെ സമയവും പാലിക്കുന്നതിലും വീഴ്ച വരുത്തിയില്ല. DXBയിൽ നിന്ന് പുറപ്പെടുന്ന 99.6 ശതമാനം യാത്രക്കാരും 10 മിനിറ്റിനുള്ളിൽ പാസ്പോർട്ട് ക്ലിയറിങ് നടപടികൾ പൂർത്തിയാക്കി. 99.7% യാത്രക്കാരും 5 മിനിറ്റിനുള്ളിൽ സെക്യൂരിറ്റി ചെക്കിങും പൂർത്തിയാക്കിയിട്ടുണ്ട്. ആദ്യ ഒമ്പത് മാസത്തിൽ 6.38 കോടി ബാഗേജുകളും കൈകാര്യം ചെയ്തു. ഇവയിൽ പരാതികൾ ലഭിച്ചത് 0.1ശതമാനം മാത്രംമാണ്.
ആദ്യ ഒമ്പത് മാസങ്ങളിലെ കണക്കുകളനുസരിച്ച് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ തന്നെയാണ് ഒന്നാമത്. 88 ലക്ഷം യാത്രക്കാരാണ് ഇന്ത്യയിൽ നിന്ന് മാത്രം രേഖപ്പെടുത്തിയത്. രണ്ടാം സ്ഥാനത്ത് സൗദിയും മൂന്നാം സ്ഥാനത്ത് യുകെയുമാണ് മുന്നിട്ടു നിൽക്കുന്നത്.
Adjust Story Font
16

