എത്തുക ഒരു കോടിയിലധികം യാത്രക്കാർ; ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് മുതൽ തിരക്കേറും
ഡിസംബറിൽ ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം മൂന്ന് ലക്ഷം കവിയുമെന്നാണ് പ്രതീക്ഷ

ദുബൈ: ഇന്ന് മുതൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരക്കേറും. നവംബർ 27 മുതൽ ഡിസംബർ 31 വരെയായി വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിലായിരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വാരാന്ത്യങ്ങളും യുഎഇ ദേശീയ ദിന അവധി ദിനങ്ങളുമടക്കമുള്ള ദിവസങ്ങളിലായി ഒരു കോടിയിലധികം യാത്രക്കാർ വിമാനത്താവളം വഴി സഞ്ചരിക്കും. യാത്രക്കാർ അതിനനുസരിച്ച് അവരുടെ യാത്ര ആസൂത്രണം ചെയ്യണമെന്നും ദുബൈ വിമാനത്താവളം അറിയിച്ചു.
യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് ഡിസംബർ 1, 2 തീയതികളിൽ പൊതുഅവധിയാണ്. വാരാന്ത്യഅവധിയടക്കം നാല് ദിവസം തുടർച്ചയായ അവധി ലഭിക്കും. പ്രതിദിനം ശരാശരി 2,94,000 ൽ കൂടുതൽ യാത്രക്കാരെത്തുമെന്നും ഡിസംബർ വരെ എണ്ണം വർധിക്കുമെന്നും അധികൃതർ പറഞ്ഞു. 87 ലക്ഷത്തിലധികം അതിഥികളെ സ്വാഗതം ചെയ്യുമെന്നും ഡിഎക്‌സ്ബിയുടെ ഇതുവരെയുള്ള ഏറ്റവും തിരക്കേറിയ മാസമായിരിക്കുമെന്നും പറഞ്ഞു.
ഡിസംബറിൽ ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം മൂന്ന് ലക്ഷം കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 303,000 അതിഥികളുമായി ഡിസംബർ 20 ഏറ്റവും തിരക്കേറിയ ദിവസമായിരിക്കും. ദേശീയ ദിന അവധിക്ക് മുമ്പുള്ള ദിവസങ്ങളിൽ പുറത്തേക്കുള്ള യാത്രക്കരായിരിക്കും കൂടുതൽ. നീണ്ട അവധി പ്രയോജനപ്പെടുത്തി നിരവധി പേർ യാത്രകൾ നടത്തും. ഡിസംബർ മധ്യത്തിൽ ദുബൈയിലേക്കായിരിക്കും കൂടുതൽ യാത്രികർ. ഉത്സവ സീസൺ ആയതിനാലാണിത്.
നേരത്തെ ചെക്ക്-ഇൻ ചെയ്യാനും കാലതാമസം ഒഴിവാക്കാൻ ചെക്ക്-ഇന്നിനായി എല്ലാ രേഖകളും തയ്യാറാണെന്ന് ഉറപ്പാക്കാനും യാത്രക്കാരോട് എമിറേറ്റ്‌സ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പീക്ക് യാത്രാ സീസണിന് മുന്നോടിയായിരുന്നു നിർദേശം. ദുബൈയിൽ നിന്ന് യാത്ര ആരംഭിക്കുന്നവർ പുറപ്പെടലിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും എത്തിച്ചേരണമെന്ന് കമ്പനി നിർദേശിച്ചു. വിമാനത്താവള റോഡിലെ തിരക്ക് ഒഴിവാക്കാൻ ദുബൈ മെട്രോ ഉപയോഗിക്കണമെന്നും എമിറേറ്റ്‌സ് അധികൃതർ പറഞ്ഞു.
Adjust Story Font
16

