സുസ്ഥിര മറൈൻ ഫയർ സ്റ്റേഷനുമായി ദുബൈ; ലോകത്തെ ആദ്യ സംരംഭം
കടലിൽ സംഭവിക്കുന്ന അത്യാഹിതങ്ങൾ അതിവേഗത്തിൽ നേരിടാൻ കഴിയുന്ന നൂതന സംവിധാനങ്ങളോടെയാണ് മറൈൻ ഫ്ലോട്ടിങ് ഫയർ സ്റ്റേഷന്‍റെ നിർമാണം
ദുബൈ: ലോകത്തെ ആദ്യ സുസ്ഥിര മറൈൻ ഫയർ സ്റ്റേഷൻ അവതരിപ്പിച്ച് ദുബൈ സിവിൽ ഡിഫൻസ് അതോറിറ്റി. കടലിൽ സംഭവിക്കുന്ന അത്യാഹിതങ്ങൾ അതിവേഗത്തിൽ നേരിടാൻ കഴിയുന്ന നൂതന സംവിധാനങ്ങളോടെയാണ് മറൈൻ ഫ്ലോട്ടിങ് ഫയർ സ്റ്റേഷന്‍റെ നിർമാണം. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഘടനയിലാണ് ഇതിന്റെ നിർമിതി
പരമ്പരാഗത രീതികളേക്കാൾ ഫ്ലോട്ടിങ് മറൈൻ ഫയർ സ്റ്റേഷന് 70 ശതമാനത്തിലധികം ചെലവ് കുറവാണെന്ന പ്രത്യേകത കൂടിയുണ്ട്. 16 അഗ്നിശമന സേനാംഗങ്ങളെ ഉൾകൊള്ളാനും പുതിയ സ്റ്റേഷന്സാധിക്കും. മണിക്കൂറിൽ 11 മൈൽ വേഗത്തിൽ സഞ്ചരിക്കുന്നതിനാൽ അതിവേഗത്തിൽ ദുരന്ത സ്ഥലങ്ങളിൽ എത്തിച്ചേരാനും രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും എളുപ്പം.
കടലിൽ ഒഴുകി നടക്കുന്നതിനാൽ ഫ്ലോട്ടിങ് സ്റ്റേഷൻ സൂക്ഷിക്കാൻ നിശ്ചിത സ്ഥലവും ആവശ്യമില്ല. ഇതു മുഖേന ചെലവ് ചുരുക്കാനും കാൺബൺ പുറന്തള്ളൻ മൂലമുള്ള പരിസ്ഥിതി മലിനീകരണവും കുറക്കാനാകും. കടലിൽ സ്റ്റേഷന്‍റെ തന്ത്രപരമായ വിന്യാസം ദുബൈയിലെ സമുദ്ര, നാവിഗേഷൻ മേഖലകളിലുടനീളം സമഗ്രമായ സുരക്ഷ നിരീക്ഷണവും സേവനവും ഉറപ്പാക്കാൻ സാധിക്കുമെന്ന് ദുബൈ സിവിൽ ഡിഫൻസ് ഡറക്ടർ ജനറൽ ലഫ്റ്റനന്റ്ജനറൽ റാശിദ് താനി അൽ മത്റൂഷി പറഞ്ഞു.
സുരക്ഷ രംഗത്ത് ആഗോള നേതൃപദവി നേടാനുള്ള ദുബൈയുടെ യാത്രയിൽ സുപ്രധാനമായ ചുവടുവെപ്പാണിത്. സമുദ്രഗതാഗത രംഗത്ത് ദുബൈയുടെ സുരക്ഷ മേഖലകൾ വർധിപ്പിക്കാൻ പുതിയ ഫ്ലോട്ടിങ് സ്റ്റേഷനിലൂടെ സാധിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Adjust Story Font
16