ഒരു തുള്ളി വെള്ളം പാഴാക്കാതെ ദുബൈ; പുനരുപയോഗിക്കാൻ സംവിധാനം
പുനരുപയോഗത്തിലൂടെ വർഷം രണ്ട് ശതകോടി ദിർഹം ലാഭിക്കാൻ ദുബൈ നഗരത്തിന് കഴിയുന്നുണ്ട്.

ദുബൈ: ഒരു തുള്ളി ജലം പോലും പാഴാക്കാത്ത നഗരമായി മാറാൻ ദുബൈ ഒരുങ്ങുന്നു. 2030നകം ദുബൈയിൽ നൂറ് ശതമാനം വെള്ളവും പുനരുപയോഗിക്കുന്ന സംവിധാനം നിലവിൽ വരുമെന്ന് ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു.
പരിസ്ഥിതി സൗഹൃദ സമ്പദ്ഘടനയുടെ ഹബ്ബായി ലക്ഷ്യമിടുന്ന ദുബൈ നഗരത്തിൽ നിലവിൽ ഉൽപ്പാദിപ്പിക്കുന്ന 90 ശതമാനം വെള്ളവും പാഴാക്കാതെ പുരുപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് ഏഴ് വർഷത്തിനകം നൂറ് ശതമാനമാക്കുകയാണ് ലക്ഷ്യം. പുനരുപയോഗത്തിലൂടെ വർഷം രണ്ട് ശതകോടി ദിർഹം ലാഭിക്കാൻ ദുബൈ നഗരത്തിന് കഴിയുന്നുണ്ട്.
കടൽവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമുണ്ടാക്കുന്നതും, ഇതിനുള്ള ഊർജ വിനിയോഗവും ദുബൈ 30 ശതമാനം കുറക്കും. റിസൈക്കിൾ ചെയ്ത വെള്ളം ദുബൈ നഗരത്തിൽ ജലസേചനത്തിനാണ് ഇപ്പോൾ വിനിയോഗിക്കുന്നത്. 2400 കീമീറ്റർ നീളത്തിൽ നഗരസൗന്ദര്യവത്കരണത്തിനായി വെച്ചുപിടിപ്പിച്ച ചെടികളും പൂന്തോട്ടങ്ങളും നനക്കുന്നത് പുനരുപയോഗത്തിന് വിധേയമാക്കിയ വെള്ളം കൊണ്ടാണ്. മാസം ഏതാണ്ട് 22 ദശലക്ഷം ഘന മീറ്റർ വെള്ളം ഇത്തരത്തിൽ വിനിയോഗിക്കുന്നുണ്ട്. പ്ലാന്റുകൾ വൃത്തിയാക്കാനും അഗ്നിശമന സേന രക്ഷാപ്രവർത്തനത്തിനും വിനിയോഗിക്കുന്നത് റീസൈക്കിൾ ചെയ്ത വെള്ളമാണെന്നും മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു.
Adjust Story Font
16

