കളിയല്ല, കാര്യം...: യാത്രകളിൽ കുട്ടികളെ ഹോട്ടൽ മുറികളിൽ തനിച്ചാക്കരുതെന്ന് ദുബൈ പൊലീസ്
യാത്രാ പാക്കേജുകൾ അംഗീകൃത ഏജൻസി വഴി മാത്രം ബുക്ക് ചെയ്യണമെന്ന് നിർദേശം

ദുബൈ: വേനൽക്കാല അവധിക്കാലം ആസ്വദിക്കാൻ വിദേശങ്ങളിലേക്ക് പോകുന്ന യുഎഇയിലെ സ്വദേശി-പ്രവാസി കുടുംബങ്ങൾക്ക് കർശന നിർദേശങ്ങളുമായി ദുബൈ പൊലീസ്. യാത്രകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും കുട്ടികളെ അവഗണിക്കുന്നത് ചില രാജ്യങ്ങളിൽ കടുത്ത നിയമനടപടികൾക്ക് കാരണമാകുമെന്നും അധികൃതർ വ്യക്തമാക്കി. ദുബൈ പൊലീസ് ഹ്യൂമൻ റൈറ്റ്‌സ് ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ചൈൽഡ് ആന്റ് വുമൺ പ്രൊട്ടക്ഷൻ വിഭാഗമാണ് ഈ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
നാട്ടിലോ വിദേശത്തോ ആകട്ടെ, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെ നിയമപരവും ധാർമ്മികവുമായ ഉത്തരവാദിത്തമാണ്. ചില വിദേശ രാജ്യങ്ങളിൽ ചൈൽഡ് പ്രൊട്ടക്ഷൻ നിയമങ്ങൾ വളരെ കർശനമാണ്. മാതാപിതാക്കൾ സാധാരണയായി നിസാരമെന്ന് കരുതുന്ന പല കാര്യങ്ങളും വിദേശത്ത് വലിയ കുറ്റകൃത്യമായി മാറിയേക്കാം. കുട്ടികളെ ഹോട്ടൽ മുറികളിലോ ഹോളിഡേ അപ്പാർട്ട്‌മെന്റുകളിലോ ഒരു കാരണവശാലും തനിച്ചാക്കി പോകരുത്. പൊതുസ്ഥലങ്ങളിലും വിനോദകേന്ദ്രങ്ങളിലും കുട്ടികളെ നിരന്തരം നിരീക്ഷിക്കണം. തിരക്കേറിയ സ്ഥലങ്ങളിൽ കുട്ടികളുമായി കൃത്യമായ ആശയവിനിമയം നിലനിർത്തണമെന്നും പൊലീസ് നിർദേശിക്കുന്നു.
അവധിക്കാലത്തെ ഉയർന്ന ഡിമാൻഡ് മുതലെടുത്ത് വലിയ തോതിലുള്ള ഓൺലൈൻ യാത്രാ തട്ടിപ്പുകൾ നടക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ആകർഷകമായ ഓഫറുകളും കുറഞ്ഞ നിരക്കിലുള്ള പാക്കേജുകളും വാഗ്ദാനം ചെയ്ത് വ്യാജ വെബ്‌സൈറ്റുകൾ വഴിയാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. ലിമിറ്റഡ് ഓഫറുകൾ എന്ന് പറഞ്ഞ് ആളുകളെ സമ്മർദ്ദത്തിലാക്കി പണം തട്ടിയെടുക്കുന്ന ശൈലിയാണ് ഇവർ സ്വീകരിക്കുന്നത്.
കൃത്യമായ പരിശോധനകൾ നടത്താതെ ലിങ്കുകൾ വഴിയോ വ്യക്തിഗത അക്കൗണ്ടുകൾ വഴിയോ പണം കൈമാറരുത്. അംഗീകൃതവും ലൈസൻസുള്ളതുമായ ട്രാവൽ ഏജൻസികൾ വഴി മാത്രം ബുക്കിങ്ങുകൾ നടത്തുക. പലരും പണം കൈമാറിയ ശേഷം എയർപോർട്ടിലോ ഹോട്ടലിലോ എത്തുമ്പോൾ മാത്രമാണ് തങ്ങൾ തട്ടിപ്പിനിരയായ വിവരം അറിയുന്നത്. ഇത് സാമ്പത്തിക നഷ്ടത്തിനൊപ്പം കുടുംബത്തിന്റെ യാത്രാ പ്ലാനുകളെയും മാനസികമായി തകർക്കുമെന്നും ദുബൈ പൊലീസ് ഓർമിപ്പിച്ചു.
Adjust Story Font
16

