ദുബൈ ആർ.ടി.എ ഡിജിറ്റൽ ചാനലുകൾ ജനകീയം; വരുമാനം 350 കോടി ദിർഹം
67.6കോടി ഉപഭോക്താക്കളാണ് 2021ൽ ആർ.ടി.എയുടെ ഡിജിറ്റൽ സേവനങ്ങൾക്കുണ്ടായിരുന്നത്.

ദുബൈ: ദുബൈ ആർ.ടി.എയുടെ ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ ജനപ്രിയമാകുന്നു. വിവിധ ഡിജിറ്റൽ ചാനലുകൾ പോയവർഷം 81.4കോടി പേരാണ് പ്രയോജനപ്പെടുത്തിയത്. ഇതിലൂടെ 350 കോടി ദിർഹം വരുമാനമുണ്ടാക്കാനും ആർ.ടി.എക്ക് സാധിച്ചു. ദുബൈ റോഡ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഡിജിറ്റൽ ഇടപാടുകളിൽ മുൻ വർഷത്തേക്കാൾ പോയ വർഷം 20ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
ഡിജിറ്റൽ സേവനങ്ങളുടെ ഉപയോക്താക്കളിൽ 30ശതമാനം വളർച്ച നേടാനും കഴിഞ്ഞു. കഴിഞ്ഞ വർഷം അസാധാരണ വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് ആർ.ടി.എ ഡയറക്ടർ ജനറലും ബോർഡ് ഓഫ് ഡയറക്ടേർസ് ചെയർമാനുമായ മത്വാർ അൽ തായർ പറഞ്ഞു.
67.6 കോടി ഉപഭോക്താക്കളാണ് 2021ൽ ആർ.ടി.എയുടെ ഡിജിറ്റൽ സേവനങ്ങൾക്കുണ്ടായിരുന്നത്. ആപ്ലിക്കേഷനുകൾ മുഖനയുള്ള ഇടപാടുകൾ 370കോടി വർധിച്ചു. ഇത് മുൻ വർഷത്തെ അപേക്ഷിച്ച്197ശതമാനം വളർച്ചയാണിത്. ഗതാഗത മേഖലയിൽ ഏറ്റവും സ്മാർട് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ദുബൈയെ സമ്പൂർണമായും ഡിജിറ്റൽവൽകരിക്കാനുള്ള തിരക്കിട്ട നീക്കത്തലാണ് അധികൃതർ.
ആർ.ടി.എയുടെ വിവിധ സേവനങ്ങളുടെ ആപ്പുകളും മറ്റു ഡിജിറ്റൽ സംവിധാനങ്ങളും എളുപ്പത്തിലും വേഗത്തിലും ഉപയോക്താക്കൾക്ക് ഉപകരിക്കുന്നവയാണ്. വാഹനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും സഹായിക്കുന്ന ആപ്ലിക്കേഷൻ ഉൾപ്പെടെ പുതിയ സേവനങ്ങൾ കഴിഞ്ഞ വർഷം ആരംഭിച്ചിരുന്നു. 2018ൽ തുടക്കം കുറിച്ച നിർമിതബുദ്ധി ഉപയോഗിച്ചുള്ള മഹ്ബൂബ് ചാറ്റ്ബോട്ട് വഴിയാണ് നിരവധി സേവനങ്ങൾ ഉപയോക്താക്കൾക്ക് നിലവിൽ ലഭിക്കുന്നത്.
Adjust Story Font
16

