ദുബൈ സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് ചലഞ്ച്; ഡ്രൈവറില്ലാ ബസുകൾ പരീക്ഷണയോട്ടം തുടങ്ങി
27 സ്ഥാപനങ്ങൾ രണ്ടു കാറ്റഗറിയിലായി ചലഞ്ചിന് മുന്നോട്ടു വന്നിട്ടുള്ളതായി ആർ ടി എ അധികൃതർ പറഞ്ഞു.

ദുബൈ: ഡ്രൈവറില്ലാ വാഹനങ്ങളുടെ വികസനത്തിനായി ദുബൈ സംഘടിപ്പിക്കുന്ന സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് വേൾഡ് ചലഞ്ചിന്റെ പരീക്ഷണയോട്ടങ്ങൾക്ക് തുടക്കമായി. ദുബൈ സിലിക്കൻ ഒയാസിസിലാണ് ഡ്രൈവറില്ലാതെ സ്വയം നിയന്ത്രിച്ചോടുന്ന ബസുകൾ പരീക്ഷയോട്ടം നടത്തുന്നത്. ഇങ്ങനെ ഓടുന്ന സ്വയം നിയന്ത്രിത ബസുകൾ വികസിപ്പിക്കുകയാണ് ഇത്തവണത്തെ ചലഞ്ച്.
ഇത് മൂന്നാം തവണയാണ് ദുബൈ വേൾഡ് ചലഞ്ച് ഫോർ സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് സംഘടിപ്പിക്കുന്നത്. അപകടവും തടവും മുൻകൂട്ടി കണ്ട് സ്വയം ഓടുന്ന ഇത്തരം വാഹനങ്ങൾ നിർമിക്കുന്ന മുൻനിര സ്ഥാപനങ്ങളും, യു എ ഇയിലെ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ചലഞ്ചിൽ പങ്കെടുക്കുക. 23 ലക്ഷം ഡോളറാണ് ചലഞ്ചിന്റെ സമ്മാനത്തുക.
27 സ്ഥാപനങ്ങൾ രണ്ടു കാറ്റഗറിയിലായി ചലഞ്ചിന് മുന്നോട്ടു വന്നിട്ടുള്ളതായി ആർ ടി എ അധികൃതർ പറഞ്ഞു. 20 ലക്ഷം ഡോളർ സ്ഥാപനങ്ങൾക്കും, മൂന്ന് ലക്ഷം ഡോളർ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലഭിക്കും. മുൻ വർഷത്തേക്കാൾ ഇക്കുറി മത്സരാർഥികളുടെ എണ്ണം 130 ശതമാനം വർധിച്ചിട്ടുണ്ട്. മൊത്തം വാഹനങ്ങളുടെ 25 ശതമാനം സ്വയം നിയന്ത്രിത വാഹനങ്ങളാക്കാനുള്ള ദുബൈയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ ചലഞ്ച്. ഒപ്പം സെപ്തംബറിൽ സെൽഫ് ഡ്രൈവിങ് ട്രാൻപോർട്ട് വേൾഡ് കോൺഗ്രസും ദുബൈ സംഘടിപ്പിക്കുന്നുണ്ട്.
Adjust Story Font
16

