Quantcast

ഈ ഏഴ് വയസുകാരന് എന്തൊരു ഉയരം...; എവറസ്റ്റ് ബേസ് ക്യാമ്പ്, അന്നപൂർണ സർക്യൂട്ട് ട്രെക്കിങ്ങിൽ റെക്കോർഡുമായി ദുബൈ വിദ്യാർഥി

ഒരു വർഷത്തിനുള്ളിൽ എവറസ്റ്റ് ബേസ് ക്യാമ്പ്, അന്നപൂർണ സർക്യൂട്ട് ട്രക്കിങ് ചെയ്ത ഏറ്റവും പ്രായം കുറഞ്ഞയാളായി ഇവാൻ ക്രാസിയുക്കോവ്

MediaOne Logo

Web Desk

  • Published:

    5 Nov 2025 6:28 PM IST

Dubai student sets record in Everest Base Camp, Annapurna Circuit trekking
X

ദുബൈ: നേപ്പാളിലെ എവറസ്റ്റ് ബേസ് ക്യാമ്പ്, അന്നപൂർണ സർക്യൂട്ട് ട്രെക്കിങ്ങിൽ റെക്കോർഡുമായി ദുബൈ വിദ്യാർഥി. ഒരു വർഷത്തിനുള്ളിൽ എവറസ്റ്റ് ബേസ് ക്യാമ്പും അന്നപൂർണ സർക്യൂട്ടിലെ തോറോങ് ലാ പാസും ട്രെക്ക് ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടമാണ് ഇവാൻ ക്രാസിയുക്കോവ് നേടിയത്. ഏഴ് വയസ്സ് തികയുന്നതിന് മുമ്പാണ് വെല്ലുവിളി നിറഞ്ഞ ഹിമാലയൻ പാതകൾ ഇവാൻ താണ്ടിയത്.

ബ്ലൂം വേൾഡ് അക്കാദമി വിദ്യാർഥിയായ ഇവാൻ 2024 ഏപ്രിലിൽ ആറാം വയസ്സിലാണ് 130 കിലോമീറ്റർ എവറസ്റ്റ് ബേസ് ക്യാമ്പ് ട്രെയിലിൽ പങ്കെടുത്തത്. 12 ദിവസം നടന്നായിരുന്നു ബേസ് ക്യാമ്പിലെത്തിയത്. തുടർന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ, നടക്കാവുന്ന പർവത പാതകളിലൊന്നായ നേപ്പാളിലെ തോറോങ് ലാ പാസ് കീഴടക്കി. 5,416 മീറ്റർ ഉയരമുള്ള പാസ് 2025 ഏപ്രിലിലാണ് മറികടന്നത്. ഈ നേട്ടത്തിന് ഈ മാസം ഒഫീഷ്യൽ വേൾഡ് റെക്കോർഡ് യൂറോപ്പ് അംഗീകാരം നൽകി.

തന്റെ മാതാപിതാക്കളായ അല്ല, ദിമിത്രി, നേപ്പാളി ഗൈഡ്, രണ്ട് പോർട്ടർമാർ എന്നിവർക്കൊപ്പമാണ് ഇവാൻ രണ്ട് ട്രെക്കുകളും പൂർത്തിയാക്കിയത്. ഫിനിഷിങ് കഴിഞ്ഞപ്പോഴാണ് വെല്ലുവിളിയുടെ ആഴം മനസ്സിലായതെന്ന് ഇവാന്റെ പിതാവ് പറഞ്ഞു. എന്നാൽ 12 ദിവസങ്ങൾക്ക് ശേഷം എവറസ്റ്റ് ബേസ് ക്യാമ്പിൽ എത്തിയപ്പോൾ ഇവാൻ അസ്വസ്ഥനായിരുന്നുവെന്നും കുറച്ചുകൂടി നീണ്ട ട്രെക്കിങ് തിരഞ്ഞെടുക്കേണ്ടതായിരുന്നുവെന്ന് പറഞ്ഞുതായും അദ്ദേഹം പറഞ്ഞു. സ്റ്റാമിന വളർത്തിയെടുക്കാനായി ഇവാൻ അത്ലറ്റിക്‌സ്, നീന്തൽ, പാർക്കോർ, അക്രോബാറ്റിക്‌സ് പരിശീലനം പതിവായി നടത്തിയിരുന്നതായി സ്‌കൂൾ അധികൃതർ പറയുന്നു.


TAGS :

Next Story