Quantcast

ട്രാഫിക്കും സിഗ്നലും മറന്നേക്കൂ; ദുബൈയിൽ ഡ്രൈവറില്ലാ ഇലക്ട്രിക് പോഡുകൾ ഓടിത്തുടങ്ങി

ആറ് പേർക്ക് വരെ ഒരേസമയം യാത്ര ചെയ്യാം

MediaOne Logo

Gulf Desk

  • Published:

    11 Oct 2026 5:13 PM IST

ട്രാഫിക്കും സിഗ്നലും മറന്നേക്കൂ; ദുബൈയിൽ ഡ്രൈവറില്ലാ ഇലക്ട്രിക് പോഡുകൾ ഓടിത്തുടങ്ങി
X

ദുബൈ: ദുബൈയിലെ റോഡ് ഗതാഗതത്തിൽ വലിയൊരു മാറ്റത്തിന് വഴിയൊരുങ്ങുന്നു. റോഡിലെ തിരക്കുകളിലും സിഗ്‌നലുകളിലും കുടുങ്ങാതെ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ സഹായിക്കുന്ന ഡ്രൈവറില്ലാ ഇലക്ട്രിക് പോഡുകളുടെ പരീക്ഷണയോട്ടം തുടങ്ങി. ബ്ലൂവാട്ടേഴ്‌സിലാണ് ആർ.ടി.എ ഈ പുതിയ യാത്രാ സംവിധാനം അവതരിപ്പിച്ചത്. സാധാരണ വാഹനങ്ങൾ പോകുന്ന റോഡിലല്ല, മറിച്ച് ഇവയ്ക്കായി പ്രത്യേകം തയ്യാറാക്കിയ ട്രാക്കിലൂടെയാണ് ഈ പോഡുകൾ ഓടുന്നത്. ആർ.ടി.എ തലവൻ മത്താർ അൽ തായർ ആദ്യ സർവീസിൽ നേരിട്ട് യാത്ര ചെയ്ത് പരീക്ഷണത്തിന് തുടക്കം കുറിച്ചു.

നാല് മുതൽ ആറ് പേർക്ക് വരെ ഒരേസമയം യാത്ര ചെയ്യാവുന്ന ഈ പോഡുകൾക്ക് മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയുണ്ട്. ഒറ്റത്തവണ ചാർജ് ചെയ്താൽ 250 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ള ബാറ്ററിയാണ് ഇതിൽ ഘടിപ്പിച്ചിട്ടുള്ളത്. സ്ഥിരം സമയക്രമങ്ങൾക്ക് പകരം യാത്രക്കാരുടെ ആവശ്യാനുസരണം 24 മണിക്കൂറും ലഭ്യമാകുന്ന വിധത്തിലാണ് ഇതിന്റെ പ്രവർത്തനം. ഓരോ പോഡിലും യാത്രക്കാർക്ക് സ്വന്തം ഇഷ്ടത്തിനനുസരിച്ച് എയർകണ്ടീഷണറും വിനോദ സംവിധാനങ്ങളും ക്രമീകരിക്കാനും അവസരമുണ്ട്.

ഉയർന്ന നിലവാരമുള്ള 20 ലിഡാർ (LiDAR) സെൻസറുകൾ, റഡാറുകൾ, എച്ച്.ഡി ക്യാമറകൾ എന്നിവ സംയോജിപ്പിച്ചാണ് വാഹനങ്ങളുടെ യാത്ര സുരക്ഷിതമാക്കുന്നത്. ഡ്രൈവറുടെ സഹായമില്ലാതെ തന്നെ റോഡിലെ തടസ്സങ്ങൾ കണ്ടെത്താനും വേഗത നിയന്ത്രിക്കാനും ഈ സെൻസറുകൾ സഹായിക്കും. ഒരു സെക്കൻഡിൽ താഴെ മാത്രം അകലം പാലിച്ച് പത്തിലധികം പോഡുകൾ പരസ്പരം ബന്ധിപ്പിച്ച് ഓടിക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഇതിലൂടെ മണിക്കൂറിൽ ഇരുവശങ്ങളിലേക്കുമായി 20,000ലധികം യാത്രക്കാരെ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ സാധിക്കും.

ദുബൈ ഹോൾഡിങ്ങുമായി സഹകരിച്ച് നടത്തുന്ന ഈ നാലാഴ്ചത്തെ പരീക്ഷണത്തിൽ വാഹനങ്ങളുടെ സുരക്ഷ, കാര്യക്ഷമത, യാത്രാസുഖം എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ദുബൈയുടെ പൊതുഗതാഗത മേഖല കൂടുതൽ സ്മാർട്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഡ്രൈവർരഹിത സംവിധാനം പരീക്ഷിക്കുന്നതെന്ന് മത്താർ അൽ തായർ അറിയിച്ചു. പരീക്ഷണ ഫലങ്ങൾ വിലയിരുത്തിയ ശേഷം നഗരത്തിലെ മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്കും ഡ്രൈവറില്ലാ പോഡ് സർവീസുകൾ വ്യാപിപ്പിക്കുന്ന കാര്യം ആർ.ടി.എ തീരുമാനിക്കും

TAGS :

Next Story