പവർബാങ്കിന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി എമിറേറ്റ്സ്
ഒക്ടോബർ ഒന്നു മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും

ദുബൈ: വിമാനത്തിലെ പവർബാങ്ക് ഉപയോഗത്തിന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി എമിറേറ്റ്സ്. ഒക്ടോബർ ഒന്നു മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. എമിറേറ്റ്‌സ് ഉപഭോക്താക്കൾക്ക് പ്രത്യേക നിബന്ധനകളോടെ ഒരു പവർ ബാങ്ക് മാത്രമേ കൊണ്ടുപോകാൻ അനുവദിക്കൂ. വിമാനത്തിനകത്ത് പവർ ബാങ്കുകൾ ഉപയോഗിക്കാനോ, പവർ ബാങ്ക് ഉപയോഗിച്ച് ഉപകരണങ്ങൾ ചാർജ് ചെയ്യാനോ അനുവാദമുണ്ടാകില്ല.
പുതുക്കിയ മാർഗ നിർദേശങ്ങളനുസരിച്ച്, 100 വാട്ട് അവറിന് താഴെ ശേഷിയുള്ള ഒരു പവർബാങ്ക് മാത്രം യാത്രയിൽ കരുതാം. വിമാനയാത്രക്കിടെ ഉപകരണങ്ങൾ പവർബാങ്ക് ഉപയോഗിച്ച് ചാർജ് ചെയ്യരുതെന്നും വിമാനത്തിന്റെ സോക്കറ്റിൽ കുത്തി പവർബാങ്ക് ചാർജ് ചെയ്യരുതെന്നും നിർദേശമുണ്ട്.
ഓവർഹെഡ് കാബിനിൽ പവർബാങ്ക് സൂക്ഷിക്കരുത്. മറിച്ച്, സീറ്റ് പോക്കറ്റിലോ സീറ്റിനടിയിൽ വെക്കുന്ന ബാഗിലോ സൂക്ഷിക്കാം. ചെക്കിൻ ബാഗേജിൽ നേരത്തേ പവർബാങ്കിന് വിലക്കുണ്ട്. പവർബാങ്കിന്റെ അമിതമായ ഉപയോഗം തീപിടിത്തത്തിനും മറ്റു പല അപകടങ്ങൾക്കും കാരണമായേക്കാം. പുതുക്കിയ നിയന്ത്രണങ്ങൾ അപകട സാധ്യത കുറക്കുമെന്ന് അധികൃതർ അറിയിച്ചു.
Adjust Story Font
16

