Quantcast

യുഎഇയിൽ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് അടുത്തവർഷം ആരംഭിക്കും

എക്കോണമി ക്ലാസ്, ഫാമിലി ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിങ്ങനെ മൂന്ന് കാബിനുകൾ ട്രെയിനിലുണ്ടാകും

MediaOne Logo

Web Desk

  • Published:

    30 Sept 2025 11:59 PM IST

യുഎഇയിൽ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് അടുത്തവർഷം ആരംഭിക്കും
X

അബുദബി: യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിൽ അടുത്തവർഷം പാസഞ്ചർ സർവീസ് ആരംഭിക്കും. ഇത്തിഹാദ് റെയിൽ ഡെപ്യൂട്ടി സിഇഒ അസ്സ സുവൈദിയെ ഉദ്ധരിച്ച് യുഎഇ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 11 യുഎഇ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിലിലെ സൗകര്യങ്ങളും അബുദബിയിൽ നടക്കുന്ന ആഗോള റെയിൽ കോൺഫറൻസിൽ അവതരിപ്പിച്ചു.

ഇത്തിഹാദ് പാസഞ്ചർ ട്രെയിനിൽ മൂന്ന് തരം കാബിനുകളാണുണ്ടാവുക. എക്കോണമി ക്ലാസ്, ഫാമിലി ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിങ്ങനെയാണ് കാബിനുകൾ. ട്രെയിൻ സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ ഓട്ടോമാറ്റഡ് ബാരിയറിൽ ടിക്കറ്റുകൾ സ്‌കാൻ ചെയ്യണം. ഓൺലൈനിൽ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. അതാടൊപ്പം സ്റ്റേഷനുകളിലും ടിക്കറ്റ് ലഭിക്കും. ടിക്കറ്റ് മെഷീന്റെ മാതൃകയും ആഗോള റെയിൽ എക്സ്പോയിൽ പ്രദർശനത്തിനുണ്ട്. ബാങ്ക് നോട്ടുകളും കാർഡും ആപ്പിൾ പേയും മീഷീനിൽ സ്വീകരിക്കും. അതേസമയം ടിക്കറ്റ് നിരക്ക് സംബന്ധിച്ച് അധികൃതർ വ്യക്തത നൽകിയിട്ടില്ല. അടുത്ത വർഷം ഇത്തിഹാദ് റെയിൽ പാതയിൽ പാസഞ്ചർ സർവീസുകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അബൂദബി, ദുബൈ, ഷാർജ, ഫുജൈറ എന്നിങ്ങനെ നാല് പാസഞ്ചർ സ്റ്റേഷനുകളാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിൽ നിർമാണം പൂർത്തിയായിക്കഴിഞ്ഞ റെയിൽപാത അബുദബിയിലെ അൽ സിലയിൽ നിന്ന് ഫുജൈറ വരെ നീണ്ടുനിൽക്കുന്നതാണ്.

TAGS :

Next Story