അബൂദബി-ദുബൈ യാത്രക്ക് അരമണിക്കൂർ; അതിവേഗ ഇലക്ട്രിക് ട്രെയിനുമായി ഇത്തിഹാദ് റെയിൽ
വിമാനത്താവളങ്ങൾ ഉൾപ്പടെ ആറ് സ്റ്റേഷനുകളിൽ നിർത്തും

അബൂദബി: യു.എ.ഇയുടെ ദേശീയ റെയിൽവേ ശൃംഖലയായ ഇത്തിഹാദ് റെയിൽ അബൂദബിയിൽ നിന്ന് ദുബൈയിലേക്ക് അതിവേഗ ഇലക്ട്രിക് ട്രെയിൻ പ്രഖ്യാപിച്ചു. അരമണിക്കൂർ സമയത്തിൽ ദുബൈ-അബൂദബി യാത്ര സാധ്യമാക്കുന്നതാണ് പുതിയ ട്രെയിൻ.
അബൂദബിയുടെയും ദുബൈയുടെയും കിരീടാവകാശികൾ ചേർന്നാണ് ഇരു നഗരങ്ങൾക്കുമിടിയിലെ അതിവേഗ ഇലക്ട്രിക് ട്രെയിൻ പ്രഖ്യാപിച്ചത്. സാധാരണ പാസഞ്ചർ ട്രെയിനുകൾക്ക് പുറമേയാണ് പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ട്രെയിൻകൂടി സർവീസ് നടത്തുക. മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിൽ കുതിക്കാൻ കഴിയുന്നവാണ് ഈ ഇലക്ട്രിക് ട്രെയിനുകൾ.
അബൂദബി വിമാനത്താവളം, ദുബൈ ജബൽഅലിയിലെ അൽമക്തൂം വിമാനത്താവളം എന്നിവയടക്കം ആറ് സ്റ്റോപ്പുകളുണ്ടാകും. ദുബൈയിൽ അൽജദ്ദാഫ്, അബൂദബിയിൽ റീം ഐലന്റ്, സാദിയാത്ത്, യാസ് ഐലന്റ് എന്നിവയാണ് മറ്റ് സ്റ്റേഷനുകൾ. ഇത്തിഹാദ് റെയിലിന്റെ അൽ ഫലാ ഡിപ്പോയിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് അൽനഹ്‌യാൻ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽമക്തൂം തുടങ്ങിയവർ പങ്കെടുത്തു.
Adjust Story Font
16