ബജറ്റിൽ പ്രവാസികൾക്ക് അവഗണന; കാര്യമായ പദ്ധതികളൊന്നും പ്രഖ്യാപിച്ചില്ല
ഇലക്ഷൻ ബജറ്റെന്ന് പ്രവാസി സംഘടനകൾ

ദുബൈ: സംസ്ഥാന ബജറ്റിൽ പ്രവാസികളെ പരിഗണിച്ചില്ലെന്ന ആക്ഷേപം ശക്തമാകുന്നു. സംസ്ഥാനത്തിന്റെ സമ്പദ്ഘടനക്ക് കരുത്ത് പകരുന്ന ഗൾഫ് പ്രവാസികൾക്ക് കാര്യമായ പ്രഖ്യാപനങ്ങളൊന്നും ബജറ്റിൽ ഇല്ല. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി മാത്രമായി ബജറ്റ് ഒതുങ്ങിയെന്നാണ് പ്രതിപക്ഷ പ്രവാസി സംഘടനകളുടെ ആരോപണം.
തിരികെയെത്തുന്ന പ്രവാസികളുടെ എണ്ണം വർധിച്ചുവെന്ന് ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയ ധനമന്ത്രി പ്രതിസന്ധി പരിഹരിക്കാൻ പ്രവാസികൾക്കായി കാര്യമായൊന്നും വകയിരുത്തിയില്ല. നോർക്ക റൂട്ട്സ് വഴിയുള്ള പുനരധിവാസ പദ്ധതികൾക്ക് 65 കോടിയുണ്ട്. ലോക കേരള സഭക്കായി 7 കോടി 30 ലക്ഷം, സാന്ത്വന പദ്ധതിക്ക് 35 കോടി, ക്ഷേമനിധി ബോർഡിന്‍റെ പ്രവർത്തനങ്ങൾക്ക് 18 കോടി, പ്രവാസി ഡിവിഡന്റ് സ്കീമിന് 6.5 കോടി എന്നിങ്ങനെ വകയിരുത്തി. ലക്ഷകണക്കിന് വരുന്ന പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തനായി നാമമാത്രമായ പദ്ധതികളാണ് ബജറ്റിലുള്ളതെന്നാണ് ആക്ഷേപം.
ഗൾഫ് സന്ദർശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാണിച്ച കണക്ക് പ്രകാരം വർഷം രണ്ട് ലക്ഷം കോടി രൂപയാണ് പ്രവാസികൾ കേരളത്തിലേക്ക് അയക്കുന്നത്. എന്നിട്ടും, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ബജറ്റുകളിൽ പ്രവാസി സമൂഹം പടിക്ക് പുറത്താണെന്ന പരാതിക്ക് ഇനിയും പരിഹാരമുണ്ടാകുന്നില്ല.
Adjust Story Font
16

