മുഖം കാണിച്ച് ചെക്ക് ഇൻ സൗകര്യം; മുഴുവൻ യാത്രക്കാരിലേക്കും വ്യാപിപ്പിക്കും
എമിറേറ്റ്സ് ആപ്പ് വഴി മുഖം രജിസ്റ്റർ ചെയ്യാം

ദുബൈ: ദുബൈ വിമാനത്താവളങ്ങളിൽ പാസ്പോർട്ടിന് പകരം മുഖം കാണിച്ച് നടപടികൾ പൂർത്തിയാക്കാനുള്ള സൗകര്യം മുഴുവൻ യാത്രക്കാരിലേക്കും വ്യാപിപ്പിക്കുന്നു. നിലവിൽ യു എ ഇയിൽ താമസ വിസയുള്ള പ്രവാസികൾക്കും, ജി സി സി പൗരൻമാർക്കുമാണ് ഈ സൗകര്യമുളളത്.
അടുത്ത വർഷം മുതൽ മുഴുവൻ യാത്രക്കാർക്കും ദുബൈ വിമാനത്താവളത്തിലെ ടെർമിനൽ ത്രീയിൽ ഫേഷ്യൽ ബയോമെട്രിക് റെക്കഗ്നിഷൻ സംവിധാനം നിലവിൽ വരും. ചെക്ക് ഇൻ, എമിഗ്രേഷൻ നടപടികളെല്ലാം രേഖകൾ കാണിക്കാതെ മുഖം കാണിച്ച് മാത്രം പൂർത്തിയാക്കാൻ കഴിയും. വിമാനത്താവളത്തിലെ നീണ്ട ക്യൂവും തിരക്കും ഒഴിവാക്കാനാണ് നടപടി.
അന്താരാഷ്ട്ര യാത്രക്കാർക്ക് ഫേസ് ഐഡി ഉപയോഗിച്ച് നടത്താനുള്ള സംവിധാനം ഒരുക്കുന്നതിന് ദുബൈ താമസ കുടിയേറ്റ വകുപ്പും എമിറേറ്റ്സ് വിമാനകമ്പനിയും കരാർ ഒപ്പിട്ടു. ഈ സൗകര്യം ലഭ്യമാകുന്നതിന് യാത്രക്കാർ ആദ്യം എമിറേറ്റ്സിന്റെ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ, എല്ലാ വിമാനത്താവളത്തിൽ എത്തിയോ തങ്ങളുടെ ഫേഷ്യൽ ബയോമെട്രിക്ക് വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. ഈവർഷം മാത്രം 80 ലക്ഷം വിനോദസഞ്ചാരികളാണ് ദുബൈയിലെത്തിയത്. ഇവരുടെ യാത്ര എളുപ്പമാക്കാനാണ് പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്.
Adjust Story Font
16

