ആഗോള എണ്ണവിലയിൽ ഇടിവ്; ബാരലിന് 80 ഡോളറിന് ചുവടെ
അസംസ്കൃത എണ്ണവിലയിൽ സമീപകാലത്തെ വലിയ ഇടിവ് കൂടിയാണിത്

ആഗോളവിപണിയിൽ എണ്ണവില വീണ്ടും ഇടിഞ്ഞു. വിലയിൽ നാലു ശതമാനം കുറവാണുണ്ടായത്. ചൈനയുടെ വളർച്ചാതോത് കുറഞ്ഞതാണ് എണ്ണവിപണിക്ക് തിരിച്ചടിയത്. ബാരലിന് 80 ഡോളറിന് ചുവടേക്കാണ് എണ്ണവില ഇടിഞ്ഞത്. അസംസ്കൃത എണ്ണവിലയിൽ സമീപകാലത്തെ വലിയ ഇടിവ് കൂടിയാണിത്.
ചൈനയുടെ വളർച്ചാതോത് കുറഞ്ഞതിനൊപ്പം ലോകം നേരിടുന്ന സാമ്പത്തിക മാന്ദ്യവും വിലയിടിവിന് കാരണമായിട്ടുണ്ട്. മാന്ദ്യവും പണപ്പെരുപ്പവും കൂടാനുള്ള സാധ്യതയിലേക്കാണ് എണ്ണവിപണിയും വിരൽ ചൂണ്ടുന്നത്. ആവശ്യകത കുറഞ്ഞ സാഹചര്യത്തിൽ ഉൽപാദനം വീണ്ടും വെട്ടിക്കുറക്കാൻ എണ്ണ ഉൽപാദക രാജ്യങ്ങൾ തയാറാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാൽ വിപണിയിലെ മാറ്റം സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും വലിയ തോതിലുള്ള വിലത്തകർച്ചക്ക് സാധ്യതയില്ലെന്നുമാണ് ഒപെക് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
നടപ്പുവർഷം ചൈനക്ക് നാലര ശതമാനത്തോളം വളർച്ച നേരിടാൻ സാധിക്കും എന്നായിരുന്നു ഐ.എം.എഫ് വിലയിരുത്തൽ. എന്നാൽ നിലവിലെ സാഹചര്യത്തിൽ വളർച്ചാ തോത് ഗണ്യമായി കുറയുമെന്നാണ് നിഗമനം. എണ്ണയിതര മേഖലയിലേക്ക് കൂടി സമ്പദ്ഘടന ശക്തിപ്പെടുന്നതിനാൽ ഗൾഫ് രാജ്യങ്ങൾക്ക് എണ്ണവിലയിടിവ് കാര്യമായ പ്രയാസം സൃഷ്ടിക്കാൻ ഇടയില്ല.
Adjust Story Font
16

