Quantcast

‘​​ഫ്ലൈ ദുബൈ വിമാനം ഇറക്കൽ: ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്​, അന്വേഷണ വിവരങ്ങൾ ഔദ്യോഗികമായി പങ്കുവെക്കും’

ഇപ്പോൾ പ്രതികരിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന്​ യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി

MediaOne Logo

Gulf Desk

  • Published:

    3 Oct 2026 8:51 AM IST

‘​​ഫ്ലൈ ദുബൈ വിമാനം ഇറക്കൽ: ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്​, അന്വേഷണ വിവരങ്ങൾ ഔദ്യോഗികമായി പങ്കുവെക്കും’
X

ദുബൈ: ടെൽ അവീവിലേക്കുള്ള ഫ്ലൈ ദുബൈ വിമാനം സൗദിയി​ലെ തബൂക്കിൽ അടിയന്തരമായി ഇറക്കിയ സംഭവത്തിൽ പ്രചരിക്കുന്ന വാർത്തകളോട്​ പ്രതികരിക്കുന്നില്ലെന്ന്​ യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി. അന്വേഷണത്തിന്‍റെ വിവരങ്ങൾ ഔദ്യോഗികമായി പങ്കുവെക്കും. ഇപ്പോൾ പ്രതികരിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും അതോറിറ്റി വ്യക്​തമാക്കി. ആക്രമണത്തിൽ ഉയരുന്ന ചോദ്യങ്ങൾക്ക് അന്വേഷണം പൂർത്തിയാകുന്നത് വരെ കാത്തിരിക്കണമെന്ന് ഫ്ലൈ ദുബൈ സിഇഒ ഗെയ്ത് അൽ ഗെയ്ത് പറഞ്ഞു. ആപൽഘട്ടം നേരിട്ട ക്യാപ്റ്റനെയും ജീവനക്കാരെയും അഭിനന്ദിക്കുന്നതായും അ​ദ്ദേഹം പറഞ്ഞു.

സംഭവത്തിന്‍റെ സാഹചര്യങ്ങളെക്കുറിച്ച് യുഎഇ അറ്റോർണി ജനറലിന്‍റെ നിർദേശപ്രകാരം പബ്ലിക് പ്രോസിക്യൂഷൻ അംഗങ്ങൾ ഉൾപ്പെട്ട സംഘമാണ് അന്വേഷിക്കുന്നത്​. അംഗീകൃത നടപടിക്രമങ്ങൾ പാലിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും അന്വേഷണത്തിന്‍റെ രഹസ്യസ്വഭാവവും സമഗ്രതയും സംരക്ഷിക്കുന്നുണ്ടെന്നും യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. പ്രാദേശിക, അന്താരാഷ്ട്ര തലത്തിലുള്ള ബന്ധപ്പെട്ട അധികൃതരുമായും സംഘടനകളുമായും ഏകോപിച്ചാണ് അന്വേഷണം നടക്കുന്നത്. അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് പ്രചരിക്കുന്ന അവകാശവാദങ്ങളിലോ സംഭവത്തെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങളിലോ പ്രതികരിക്കില്ലെന്നും അതോറിറ്റി വ്യക്തമാക്കി. ഇത്തരം വിവരങ്ങൾ അന്വേഷണത്തെ മുൻകൂട്ടി സ്വാധീനിക്കുകയോ ഗതിയെ ബാധിക്കുകയോ ചെയ്യും. ഔദ്യോഗിക അന്വേഷണത്തിലെ കണ്ടെത്തലുകളും തുടർ നടപടികളും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ഔദ്യോഗിക ചാനലുകളിലൂടെ അറിയിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. സ്ഥിരീകരിക്കാത്ത വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കാതെ ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു.

വിമാനത്തിലുണ്ടായ അടിയന്തര സാഹചര്യത്തിൽ ധൈര്യത്തോടെയും വേഗത്തിലും ഇടപെട്ട ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും വിമാനത്തിലെ ജീവനക്കാരെയും യാത്രക്കാരെയും ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അഭിനന്ദിച്ചു. അസാധാരണമായ സാഹചര്യത്തിൽ പൈലറ്റും ജീവനക്കാരും യാത്രക്കാരും നടത്തിയ നിർണായക ഇടപെടലും ഉത്തരവാദിത്തബോധത്തോടെയുള്ള പ്രവർത്തനവുമാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാനും സഹായിച്ചത്​. ക്യാപ്റ്റൻ സ്മിത് മച്ചാർ യുഎഇയിൽ തിരിച്ചെത്തിയതായും ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്നും അതോറിറ്റി അറിയിച്ചു.സംഭവത്തിൽ വിമാന ജീവനക്കാരുടെയും പൈലറ്റുമാരുടെയും ഇടപെടലിന് ഫ്ലൈദുബൈ സിഇഒ ഗൈത്ത് അൽ ഗൈത്ത് നന്ദി അറിയിച്ചു. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ ജീവനക്കാരെ സഹായിച്ച യാത്രക്കാരോടും അദ്ദേഹം നന്ദി പറഞ്ഞു.

അധികൃതരുടെ നിർദേശപ്രകാരം ടെൽ അവീവ് സർവീസ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഫ്ലൈദുബൈ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. സർവീസ് തടസ്സപ്പെട്ട യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്നതിനായി ഫ്ലൈദുബൈ സംഘങ്ങൾ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് സഹായിച്ച സൗദി അറേബ്യൻ അധികൃതർക്കും യുഎഇ അധികൃതർക്കും മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങൾക്കും ഫ്ലൈദുബൈ നന്ദി അറിയിച്ചു.

Next Story