Quantcast

ഫ്ലൈ ദുബൈ സംഭവം: ഒരുപാട്​ ചോദ്യങ്ങൾക്കുള്ള ഉത്തരമായി യുഎഇ അന്വേഷണ റിപ്പോർട്ട്​

കോക്​പിറ്റ്​ എങ്ങനെ തുറന്നു, വിമാനം സുരക്ഷിതമായി ഇറക്കിയത്​ ആര്​ തുടങ്ങിയ ​ചോദ്യങ്ങൾ​ക്കെല്ലാം റിപ്പോർട്ടിൽ മറുപടിയുണ്ട്​

MediaOne Logo

Gulf Desk

  • Published:

    10 Oct 2026 9:22 AM IST

ഫ്ലൈ ദുബൈ സംഭവം: ഒരുപാട്​ ചോദ്യങ്ങൾക്കുള്ള ഉത്തരമായി യുഎഇ അന്വേഷണ റിപ്പോർട്ട്​
X

ദുബൈ: സെപ്​റ്റംബർ 30ന്​ നടന്ന ഫ്ലൈ ദുബൈ വിമാന സംഭവം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട്​ പുറത്തുവന്നതോടെ ലഭിക്കുന്നത്​ ഒരുപാട്​ ചോദ്യങ്ങൾക്കുള്ള ഉത്തരം​. കോക്​പിറ്റിൽ ആക്രമണം നടന്നിട്ടും വിമാനം സുരക്ഷിതമായി ഇറക്കാൻ സാധിച്ചത്​ എങ്ങനെ, അതീവ സുരക്ഷിതത്വമുള്ള കോക്​പിറ്റ്​ തുറക്കാൻ സാധിച്ചത്​ എങ്ങനെ, സഹ പൈലറ്റിന്‍റെ വിവരങ്ങൾ, ആക്രമണത്തിന്‍റെ ലക്ഷ്യം, ആക്രമണത്തിന്​ പിന്നിൽ ഒരാൾ മാത്ര​മോ, ​പ്രതിയായ പൈലറ്റ്​ ഫ്ലൈ ദുബൈയിൽ ജോലിയിൽ പ്രവേശിച്ചത്​ അടക്കം നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം യുഎഇ പബ്ലിക്​ പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിലുണ്ട്​. ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ചത് സഹപൈലറ്റായ ​29 കാരനാണെന്നും ഇയാൾ ഒമാൻ സ്വദേശിയാണെന്നും സ്ഥിരീകരിച്ചതായി യുഎഇ അറ്റോർണി ജനറൽ കൗൺസലർ ഡോ. ഹമദ് സൈഫ് അൽ ഷംസി പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്​തമാക്കുന്നുണ്ട്​. നേര​ത്തേ തന്നെ ഒമാൻ പൗരനാണ്​ സഹ പൈലറ്റെന്ന്​ റിപ്പോർട്ട്​ ഉണ്ടായിരുന്നുവെങ്കിലും ആദ്യമായാണ്​ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുന്നത്​.തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായ ഇയാൾ വിമാനം തട്ടി​യെടുത്ത്​ ടെൽ അവീവിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ ഇടിച്ചിറക്കാനാണ് പദ്ധതിയിട്ടതെന്ന്​ അ​ന്വേഷണത്തിൽ വ്യക്​തമായിട്ടുണ്ട്​. ആസ്​​ട്രേലിയയിലെ മെൽബണിൽ പഠിക്കുമ്പോഴാണ്​ ഒമാനി പൈലറ്റ്​ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനാകുന്നതെന്നാണ്​ അന്വേഷണത്തിൽ കണ്ടെത്തിയത്​.

കത്തിയല്ല; ആ​ക്രമണത്തിന്​ ഉപയോഗിച്ചത്​​ കോടാലി

​ഫ്ലൈ ദുബൈ വിമാന സംഭവം ഉണ്ടായ ഉടൻ കത്തി കൊണ്ട്​ ക്യാപ്​റ്റനെ സഹപൈലറ്റ്​ കുത്തിയെന്നാണ്​ പ്രചരിച്ചിരുന്നത്​. എന്നാൽ, കോക്​പിറ്റിൽ ഉണ്ടായിരുന്ന എമർജൻസി കോടാലി ഉപയോഗിച്ചാണ്​ ആ​ക്രമണമെന്നാണ്​ അന്വേഷണത്തിലെ സ്ഥിരീകരണം. ക്യാപ്റ്റന്‍റെ പരിക്കുകൾ സംബന്ധിച്ച ഫോറൻസിക് മെഡിക്കൽ റിപ്പോർട്ടും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചു. തലയിലാണ് പ്രധാനമായും പരിക്കുകളുണ്ടായിരുന്നത്. ജീവന് ഭീഷണിയാകാൻ സാധ്യതയുള്ള ഭാഗത്തുണ്ടായ മുറിവുകൾ സംഭവസമയവുമായി പൊരുത്തപ്പെടുന്നതും എമർജൻസി കോടാലി പോലുള്ള ഉപകരണം ഉപയോഗിച്ചുണ്ടായതാകാമെന്നുമാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. പ്രതിയുടെ മൊഴി, ക്യാപ്റ്റന്‍റെ മൊഴി, ദൃക്സാക്ഷികളുടെ മൊഴികൾ എന്നിവയുമായി മെഡിക്കൽ കണ്ടെത്തലുകൾ പൊരുത്തപ്പെടുന്നതായും അധികൃതർ അറിയിച്ചു. അഭിഭാഷകന്‍റെ സാന്നിധ്യത്തിലും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചും പ്രതി വിശദമായ കുറ്റസമ്മത മൊഴി നൽകിയെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ പറയുന്നത്.

കോക്​പിറ്റ്​ തുറന്നത്​ വിമാനത്തിലുണ്ടായിരുന്ന മറ്റൊരു പൈലറ്റ്​

അതീവ സുരക്ഷിതത്വമുള്ള കോക്​പിറ്റ്​ വാതിൽ തുറന്നത്​ എങ്ങനെയെന്നത്​ സംബന്ധിച്ച്​ പത്ത്​ ദിവസമായി നിരവധി അഭ്യൂഹങ്ങളും സൂചനകളും പ്രചരിച്ചിരുന്നത്​. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഇന്ത്യൻ ക്യാപ്​റ്റൻ സ്മിത്​ മച്ചാറാണ്​ കോക്​പിറ്റ്​ തുറന്നതെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു. എന്നാൽ, വിമാനത്തിൽ തന്നെയുണ്ടായിരുന്ന ഫ്ലൈ ദുബൈയുടെ രണ്ട്​ പൈലറ്റുമാരിൽ ഒരാളാണ്​ കോക്​പിറ്റിന്‍റെ വാതിൽ തുറന്നതെന്നാണ്​ അന്വേഷണ റിപ്പോർട്ടിൽ വ്യക്​തമാകുന്നത്​. കോക് പിറ്റ് വാതിൽ തുറയുന്നതും അടയുന്നതും ശ്രദ്ധയിൽ പെട്ട റിസർവ് പൈലറ്റിന്‍റെ ഇടപെടലാണ് 174 യാത്രക്കാരും എട്ട് ജീവനക്കാരും അടക്കമുള്ളവരെ രക്ഷിക്കാൻ സഹായിച്ചത്​. അസ്വാഭാവിക നടപടി ശ്രദ്ധയിൽപെട്ട റിസർവ്​ പൈലറ്റ്​ ആക്സസ്​ കോഡ്​ ഉപയോഗിച്ചാണ്​ അതീവ സുരക്ഷിതത്വമുള്ള കോക് പിറ്റ് വാതിൽ തുറന്നത്​. ഈ സമയം ക്യാപ്റ്റൻ സ്മിത് മച്ചാറിനെ സഹ പൈലറ്റ് ആക്രമിക്കുന്നതാണ് കണ്ടത്. കാബിൻ ക്രൂവിന്‍റെയും യാത്രക്കാരുടെയും സഹായത്തോടെ ക്യാപ്റ്റനെ രക്ഷിക്കുകയും സഹപൈലറ്റിനെ കീഴ്​​പ്പെടുത്തുകയുമായിരുന്നു. വിമാനത്തെ രക്ഷിച്ചത് ഇസ്രായേൽ പൗരനായ പ്ലംബർ ആണെന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്ലംബറും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യഹുവും ഇക്കാര്യം അവകാശ​പ്പെട്ടിരുന്നു. എന്നാൽ, വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത റിസർവ്​ പൈലറ്റുമാർ യാത്രാമാർഗം മാറ്റി സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നുവെന്ന്​ അന്വേഷണ റിപ്പോർട്ടിൽ വ്യക്​തമാക്കുന്നുണ്ട്​.

മൂന്നാമത്തെ ടെൽ അവീവ് യാത്രയിൽ നീക്കം നടപ്പാക്കിയെന്ന് കണ്ടെത്തൽ

ഫ്ലൈ ദുബൈ വിമാനത്തിലെ ഒമാൻ സ്വദേശിയായ സഹപൈലറ്റിനെ കുറിച്ചുള്ള വിശദ റിപ്പോർട്ടും യുഎഇ അന്വേഷണത്തിലൂടെ പുറത്തുവന്നിട്ടുണ്ട്​. വിമാനത്തിന്‍റെ റൂട്ട്, ടെൽ അവീവ് വിമാനത്താവളം എന്നിവ പരിചയപ്പെടുന്നതിനായി പ്രതി മുമ്പ് രണ്ട് തവണ ടെൽ അവീവിലേക്കുള്ള വിമാനയാത്രകൾ ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് യുഎഇ അധികൃതർ പറയുന്നത്. സെപ്​റ്റംബർ 30നായിരുന്നു മൂന്നാമത്തെ യാത്ര. 2017ൽ ഓസ്‌ട്രേലിയയിൽ പഠിച്ചിരുന്ന കാലത്താണ് തീവ്രവാദ ആശയങ്ങളിലേക്കുള്ള ചായ്‌വിന്‍റെ ആദ്യ സൂചനകൾ പ്രകടമായതെന്നാണ് അന്വേഷണത്തിന്‍റെ കണ്ടെത്തൽ.2001 സെപ്റ്റംബർ 11ലെ ആക്രമണങ്ങളിൽനിന്നും ഇയാൾ പ്രചോദനം ഉൾക്കൊണ്ടിരുന്നതായും സമാനമായ ആക്രമണം വിമാനം ഉപയോഗിച്ച് നടത്തണമെന്ന ചിന്ത ശക്തിപ്പെട്ടതായും അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് വിശദീകരണം. തീവ്രവാദ ആശയങ്ങൾ പിന്തുടരുകയും സ്വകാര്യ പരിശീലകന്‍റെ കീഴിൽ ബോക്സിങ് പരിശീലിക്കുകയും ചെയ്തതിലൂടെ ആക്രമണത്തിനായി മാനസികമായും ശാരീരികമായും തയാറെടുത്തുവെന്നാണ് അന്വേഷണത്തിൽ പറയുന്നത്. വ്യോമയാന മേഖലയിലെ പ്രതിയുടെ തൊഴിൽചരിത്രവും അന്വേഷണത്തിൽ പരിശോധിച്ചു. 2020 മുതൽ 2024 വരെ ഒമാൻ എയറിൽ ജോലി ചെയ്ത ഇയാൾ 2025ന്റെ തുടക്കത്തിൽ റോയൽ എയർ മറോക്കിൽ ചേർന്നു. ഏതാനും മാസങ്ങൾ അവിടെ ജോലി ചെയ്തശേഷം 2026 ജനുവരിയിൽ ഫ്ലൈദുബൈയിൽ പ്രവേശിച്ചു. ഫ്ലൈദുബൈയിലെ നിയമന നടപടികളും സുരക്ഷാ പരിശോധനകളും അന്വേഷണവിധേയമാക്കിയതായി അറ്റോർണി ജനറൽ അറിയിച്ചു. പൈലറ്റ് ലൈസൻസ്, നല്ല പെരുമാറ്റം വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ്, ആവശ്യമായ പശ്ചാത്തല പരിശോധനകൾ എന്നിവ ഉൾപ്പെടെയുള്ള പ്രൊഫഷണൽ, സുരക്ഷാ മാനദണ്ഡങ്ങൾ ഇയാൾ പാലിച്ചിരുന്നതായാണ് കണ്ടെത്തൽ.

ഒറ്റക്കാണ്​ ആക്രമണം നടത്തിയതെന്ന്​ മൊഴി

വിമാനം തട്ടിയെടുക്കാനും ആക്രമണം നടത്താനും ഒറ്റക്കാണ്​ ഒമാനി ​പൈലറ്റ്​ ശ്രമിച്ചതെന്നാണ്​ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്​. മ​റ്റേതെങ്കിലും രാജ്യങ്ങളോ മറ്റോ ഇടപെട്ടത്​ സംബന്ധിച്ചത്​ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. താൻ ഒറ്റയ്ക്കാണ് പ്രവർത്തിച്ചതെന്നും മറ്റാർക്കും പങ്കില്ലെന്നും പ്രതി സമ്മതിച്ചതായി അറ്റോർണി ജനറൽ വ്യക്തമാക്കി. എന്നാൽ ഈ വാദം സ്ഥിരീകരിക്കുന്നതിനും ഗൂഢാലോചനയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് കണ്ടെത്തുന്നതിനും അന്വേഷണം തുടരുകയാണ്.ആക്രമണത്തിന്​ പിന്നിൽ ഇറാന്​ പങ്കു​ണ്ടെന്ന രീതിയിൽ ഇ​സ്രായേൽ മന്ത്രിമാരുടെ അടക്കം പ്രതികരണങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. ഇതുവരെയുള്ള അന്വേഷണത്തിൽ ഇത്തരത്തിലുള്ള സൂചനകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ്​ വ്യക്​തമാകുന്നത്​.ഫ്ലൈദുബൈ വിമാനത്തിലെ സംഭവം എങ്ങനെ ആസൂത്രണം ചെയ്യപ്പെട്ടു, ആക്രമണം മുൻകൂട്ടി തിരിച്ചറിയാൻ കഴിയാതിരുന്നത് എന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങളിലാണ് ഇനി വ്യക്തത വരേണ്ടത്. അ​ന്വേഷണം തുടരുകയാണെന്നും നിയമപരമായ നടപടിക്രമങ്ങൾ അനുസരിച്ച് കൂടുതൽ തെളിവുകൾ പരിശോധിച്ചശേഷം ആവശ്യമായ വിവരങ്ങൾ പുറത്തുവിടുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

Next Story