Quantcast

വാടക കരാറിൽ ഒപ്പുവെച്ച് വഞ്ചിക്കപ്പെട്ടു; മുൻ ഇന്ത്യൻ സൈനികൻ യുഎഇയിൽ ദുരിതത്തിൽ

കൊല്ലം സ്വദേശി തോമസാണ് കുരുക്കിൽപ്പെട്ടിരിക്കുന്നത്. മുമ്പ് ജോലി ചെയ്തിരുന്ന മലയാളി കമ്പനി ഉടമയുടെ നിർദേശപ്രകാരം കെട്ടിട വാടക കരാറിൽ ഒപ്പുവെച്ചത് പിന്നീട് കേസായി മാറുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    20 Jun 2022 12:55 AM IST

വാടക കരാറിൽ ഒപ്പുവെച്ച് വഞ്ചിക്കപ്പെട്ടു; മുൻ ഇന്ത്യൻ സൈനികൻ യുഎഇയിൽ ദുരിതത്തിൽ
X

ദുബൈ: നീണ്ട 22 വർഷക്കാലം ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച മലയാളി യുഎഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ദുരിതത്തിൽ. മുമ്പ് ജോലി ചെയ്തിരുന്ന മലയാളി കമ്പനി ഉടമയുടെ നിർദേശപ്രകാരം കെട്ടിട വാടക കരാറിൽ ഒപ്പുവെച്ചത് പിന്നീട് കേസായി മാറുകയായിരുന്നു. ഒന്നര ലക്ഷം ദിർഹത്തിലേറെ വരുന്ന ബാധ്യത തീർക്കാൻ ആരെങ്കിലും തുണക്കെത്തുമെന്ന പ്രതീക്ഷയിലാണ് ഈ മുൻ സൈനികൻ.

കൊല്ലം സ്വദേശി തോമസാണ് കുരുക്കിൽപ്പെട്ടിരിക്കുന്നത്. 22 വർഷം അതിർത്തി രക്ഷാസേനയിൽ സൈനികനായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ച് 2010 ൽ ആണ് ആദ്യം യുഎഇയിലെത്തുന്നത്. ഒരു സെക്യൂരിറ്റി കമ്പനിയിലായിരുന്നു ആദ്യ ജോലി. പിന്നീട് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. തുടർന്ന് 2015ൽ ഷാർജയിൽ മറ്റൊരു കമ്പനിയിൽ ജോലി കിട്ടി. മലയാളി ഉടമയുടെ നിർദേശിച്ചതു പ്രകാരം തോമസ് ഉൾപ്പെടെ ജീവനക്കാരുടെ താമസ കെട്ടിടത്തിന്റെ വാടക കരാറിൽ ഒപ്പുവെച്ചതാണ് തോമസിന് പുലിവാലായത്. പാസ്‌പോർട്ടിന്റെ പകർപ്പും അന്ന് കൈമാറിയിരുന്നു. 2015 മുതൽ 2016 വരെയായിരുന്നു കരാർ.

പിന്നീട് കമ്പനി പൊളിഞ്ഞ് മലയാളി ഉടമ മുങ്ങി. വാടക കരാർ കാൻസൽ ചെയ്യാത്തതു കാരണം നീണ്ട മൂന്നു വർഷത്തെ കുടിശ്ശിക തുകയാണിപ്പോൾ തോമസിന്റെ പേരിൽ രേഖലയിലുള്ളത്. വളരെ വൈകി മാത്രമാണ് ഇത്തരമൊരു കെണിയിൽ താൻ ഉൾപ്പെട്ട കാര്യം തോമസ് പോലും അറിയുന്നത്. ഷാർജയിലെ അബ്ദുല്ല അൽ സറൂനി എന്ന നിയമോപദേശ കേന്ദ്രത്തിലെ അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ പ്രീത ശ്രീരാം മാധവ് ആണ് ഇപ്പോൾ തോമസിനു വേണ്ടി രംഗത്തുള്ളത്. നീണ്ടകാലം ഇന്ത്യൻ സൈന്യത്തിൽ ജോലി ചെയ്ത ഒരു മലയാളി അന്യരാജ്യത്ത് പ്രയാസം അനുഭവിക്കുമ്പോൾ രക്ഷിക്കേണ്ട ബാധ്യത എല്ലാവർക്കുമുണ്ടെന്ന് പ്രീത പറയുന്നു.

തോമസ് ശരിക്കും വഞ്ചിക്കപ്പെടുകയായിരുന്നു. നിയമപ്രകാരം വാടക കരാർ കാൻസൽ ചെയ്തില്ലെങ്കിൽ പിന്നീട് വലിയ ബാധ്യതയാകുമെന്നാണ് തോമസിന്റെയും മറ്റും അനുഭവം തെളിയിക്കുന്നതെന്നും പ്രീത ഓർമിപ്പിക്കുന്നു. അബൂദബിയിലെ ചെറിയൊരു ജോലി കൊണ്ടാണ് തോമസ് ഇപ്പോൾ പിടിച്ചു നിൽക്കുന്നത്. രോഗബാധിതൻ കൂടിയായ തോമസിന് എത്രയും വേഗം നാട്ടിലെത്തിയേ തീരൂ. ആരെങ്കിലുമൊക്കെ ഈ പ്രതിസന്ധിയിൽ തുണയാകും എന്ന പ്രതീക്ഷയിലാണ് തോമസ്.

TAGS :

Next Story