Quantcast

അബൂദബിയിൽ ഫ്യൂച്ചർ എജ്യൂക്കേഷൻ കോൺഫറൻസ്: ആദ്യദിനം 500 ലേറെ അധ്യാപകർ

പരിശീലന പരിപാടിയുടെ ഇടവേളകളിൽ അധ്യാപകർക്ക് ലോകകപ്പ് ആവേശത്തിന്റെ ഭാഗമാകാനുള്ള സംവിധാനങ്ങളും സമ്മേളനവേദിയിൽ ഒരുക്കിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-11-19 16:52:36.0

Published:

19 Nov 2022 4:41 PM GMT

അബൂദബിയിൽ ഫ്യൂച്ചർ എജ്യൂക്കേഷൻ കോൺഫറൻസ്: ആദ്യദിനം 500 ലേറെ അധ്യാപകർ
X

വിദ്യാഭ്യാസരംഗത്തെ പുതിയ പ്രവണതകളും, ഭാവി സാധ്യതകളും ചർച്ച ചെയ്യുന്ന ഫ്യൂച്ചർ എജുക്കേഷൻ കോൺഫ്രൻസിന് അബൂദബി യൂനിവേഴ്സിറ്റിയിൽ തുടക്കമായി. രണ്ടുദിവസം നീളുന്ന സമ്മേളനം അബൂദബി ഇന്ത്യൻ എംബസിയിലെ വിദ്യാഭ്യാസ വിഭാഗം ഫസ്റ്റ് സെക്രട്ടറി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.

യു എ ഇയിലെ അഞ്ഞൂറിലധികം അധ്യാപകർ പങ്കെടുത്ത അധ്യാപക സമ്മേളനത്തോടെയാണ് ഫ്യൂച്ചര് എജുക്കേഷൻ കോൺഫ്രസിന് തുടക്കം കുറിച്ചത്. ആരോഗ്യപ്രവർത്തകരെ പോലെ കോവിഡ് കാലത്ത് ഏറ്റവും വെല്ലുവിളി നേരിടേണ്ടി വന്നവരാണ് അധ്യാപക സമൂഹമെന്ന് ഉദ്ഘാടനം നിർവഹിച്ച ഇന്ത്യൻ എംബസി വിദ്യാഭ്യാസ വിഭാഗം ഫസ്റ്റ് സെക്രട്ടറി സുനിൽ കുമാർ ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ രംഗത്ത് പുതിയ സാങ്കേതികവിദ്യകളും, അധ്യയനരീതികളും പരീക്ഷപ്പെടുന്നുണ്ടെങ്കിലും അധ്യാപകരും വിദ്യാർഥികളും തമ്മിൽ നടത്തുന്ന വ്യക്തിപരമായ ആശയവിനിമയത്തിലെ പാഠങ്ങളാണ് ഏറ്റവും സ്വാധീനം ചെലുത്തുകയെന്ന് മുഖ്യപ്രഭാഷണം നടത്തിയ അബൂദബി സർവകലാശാല പ്രോവോസ്റ്റ് പ്രഫ. തോമസ് ജെ ഹോസ്റ്റെറ്റ്ലർ പറഞ്ഞു.

ആശയവിനിമയ സങ്കേതങ്ങളുടെ പെരുപ്പത്തിൽ ശ്രദ്ധപതറുന്ന കാലത്ത് അധ്യാപനത്തിൽ ഫോക്കസ് നിലനിർത്തുന്നത് സംബന്ധിച്ച് ആർതി സി രാജരത്നം അധ്യാപക സമ്മേളനത്തിന്റെ ആദ്യ സെഷൻ നയിച്ചു.

പരിശീലന പരിപാടിയുടെ ഇടവേളകളിൽ അധ്യാപകർക്ക് ലോകകപ്പ് ആവേശത്തിന്റെ ഭാഗമാകാനുള്ള സംവിധാനങ്ങളും സമ്മേളനവേദിയിൽ ഒരുക്കിയിട്ടുണ്ട്. ടീൻസ്റ്റെർ അബൂദബിയാണ് അബൂദബി യൂനിവേഴ്സിറ്റി, സ്കൈഡെസ്റ്റ്, മേക്കേഴ്സ് മീഡിയ എന്നിവയുമായി കൈകോർത്താണ് രണ്ടുദിവസത്തെ ഫ്യൂച്ചർ എജുക്കേഷൻ കോൺഫ്രൻസ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ മെഹർബാൻ മുഹമ്മദ് അധ്യക്ഷനായിരുന്നു. അബൂദബി ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് ഡി. നടരാജൻ, അബൂദബി മലയാളി സമാജം പ്രസിഡന്റ് റഫീഖ് കായണ്ണയിൽ, ഗൾഫ് മാധ്യമം, മീഡിയവൺ കോർഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാൻ ഡോ. അബ്ദുസലാം ഒളയാട്ട്, മുഹമ്മദ് സാദിഖ് കൊണ്ടോട്ടി, സാബിർ അബ്ദുല്ല തുടങ്ങിയവരും സംബന്ധിച്ചു. സമ്മേളനത്തിന്റെ രണ്ടാംദിവസമായ നാളെ വിദ്യാർഥികൾക്കായിരിക്കും പരിശീലന പരിപാടികൾ.

TAGS :

Next Story