ദുർബലമായി രൂപ, നാട്ടിലേക്ക് പണമയക്കുമ്പോൾ നേട്ടം; ദുബൈയിൽ സ്വർണ വില ഉയർന്നു
എണ്ണവില കുറഞ്ഞതും അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താനുള്ള സാധ്യത കുറഞ്ഞതാണ് സ്വർണവില കൂടാൻ കാരണം

ദുബൈ: ഇന്ത്യൻ രൂപയടക്കം ഏഷ്യൻ കറൻസികളുടെ മൂല്യം കുറഞ്ഞു നിൽക്കുന്നത് യുഎഇയിലെ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കുമ്പോൾ നേട്ടമാകുന്നു. സമീപ വർഷങ്ങളിലെ ദുർബലമായ നിലകൾക്ക് സമീപമാണ് രൂപ തുടരുന്നത്. ഇതോടെ ഒരു ദിർഹത്തിന് നാട്ടിൽ കൂടുതൽ പണം ലഭിക്കുന്ന സാഹചര്യമാണുള്ളത്. വ്യാഴാഴ്ച ഇന്ത്യൻ രൂപ ദിർഹത്തിനെതിരെ 26.12 നിലവാരത്തിലാണ് വ്യാപാരം. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രൂപ നേരിയ നേട്ടമുണ്ടാക്കിയെങ്കിലും ദിർഹത്തിന്‍റെ മൂല്യം ഇപ്പോഴും ഉയർന്ന നിലയിലാണ്. അതിനിടെ, ദുബൈയിൽ സ്വർണ വില വർധിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഗ്രാമിന് നാല് ദിർഹം വർധിച്ചാണ് വിപണി തുറന്നത്. എണ്ണവില കുറഞ്ഞതും അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താനുള്ള സാധ്യത കുറയുന്നതുമാണ് സ്വർണവിലയെ പിന്തുണച്ചത്. 24 കാരറ്റ് സ്വർണം ഗ്രാമിന് 503.75 ദിർഹം എന്ന നിരക്കിലാണ് വ്യാഴാഴ്ച വിപണി തുറന്നത്. ബുധനാഴ്ച വിപണി അവസാനിക്കുമ്പോൾ 24 കാരറ്റിന് 499.75 ദിർഹമായിരുന്നു വില. 18, 21, 22 കാരറ്റുകൾക്കും വില വർധിച്ചിട്ടുണ്ട്. 22 കാരറ്റിന് 466.50 ദിർഹം, 21 കാരറ്റിന് 447.25 ദിർഹം, 18 കാരറ്റിന് 383.25 ദിർഹം, 14 കാരറ്റിന് 299 ദിർഹം എന്നിങ്ങനെയാണ് വ്യാഴാഴ്ച രാവിലെ രേഖപ്പെടുത്തിയ നിരക്ക്.
രൂപയുടെ മൂല്യം താഴ്ന്ന് നിൽക്കുമ്പോഴും പ്രവാസികൾ നാട്ടിലേക്കുള്ള പണമയക്കലിൽ പുതു രീതികൾ പരീക്ഷിക്കുന്നതായി മണി എക്സ്ചേഞ്ചുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നു. ആവശ്യമായ തുകയുടെ ഒരു ഭാഗം ഇപ്പോൾ അയയ്ക്കുകയും ബാക്കി തുക കൂടുതൽ അനുകൂലമായ നിരക്ക് ലഭിക്കുമെന്ന പ്രതീക്ഷയിൽ കൈവശം വയ്ക്കുകയുമാണ് ചിലർ ചെയ്യുന്നത്. രൂപ, പെസോ, പാകിസ്താൻ രൂപ തുടങ്ങിയ ഏഷ്യൻ കറൻസികളുടെ മൂല്യത്തിലെ മാറ്റങ്ങൾ യുഎഇയിലെ ലക്ഷക്കണക്കിന് പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയക്കലിനെ നേരിട്ട് ബാധിക്കുന്നുണ്ട്. ആഗോള വിപണിയിൽ സ്വർണ വില ഉയർന്നതാണ് യുഎഇയിലും ബാധിച്ചത്. യുഎഇ സമയം രാവിലെ 9.02ന് സ്പോട്ട് ഗോൾഡ് വില 0.6 ശതമാനം ഉയർന്ന് ഔൺസിന് 4,180 ഡോളറിലെത്തി. വെള്ളിയുടെ വിലയും 1.59 ശതമാനം ഉയർന്ന് ഔൺസിന് 61.20 ഡോളറായി.
മേഖലയിൽനിന്നുള്ള ക്രൂഡ് ഓയിൽ കയറ്റുമതി യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലയുടെ ഏകദേശം 80 ശതമാനത്തിലേക്ക് തിരിച്ചെത്തിയതോടെ എണ്ണവിലയിൽ കുറവുണ്ടായതും സ്വർണത്തിന് അനുകൂലമായിട്ടുണ്ട്. അമേരിക്കയിൽ പുറത്തുവരാനിരിക്കുന്ന പ്രധാന സാമ്പത്തിക കണക്കുകളാകും സ്വർണവിലയുടെ അടുത്ത നീക്കത്തിൽ നിർണായകമാകുക.
Adjust Story Font
16

