ദുൽഖറും പൃഥ്വിരാജും റെയ്ഡ് നേരിട്ട വാർത്ത വായിച്ചിട്ടില്ല: ഷെയിൻ നിഗം
കസ്റ്റംസ് റെയ്ഡ് സംബന്ധിച്ച ചോദ്യത്തിൽ നിന്ന് ഷെയിൻ 'ബൾട്ടി'യടിച്ചതാണെന്ന് നിർമാതാവ്

ദുബൈ:വാഹനം വാങ്ങിയതിന്റെ പേരിൽ ദുൽഖർ സൽമാനും പൃഥ്വിരാജും കസ്റ്റംസ് റെയ്ഡ് നേരിട്ട വാർത്ത താൻ വായിച്ചിട്ടില്ലെന്ന് നടൻ ഷെയിൻ നിഗം. 'ബൾട്ടി' സിനിമയുടെ ഭാഗമായി ദുബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞു മാറി. കബഡിയിൽ പിടികൊടുക്കാതെ ചാടി ഒഴിയുന്ന അടവിന്റെ പേരാണ് ബൾട്ടി. ഷെയിൻ നിഗത്തിന്റെ പുതിയ സിനിമയുടെ പേരും ഇതാണ്. കസ്റ്റംസ് റെയ്ഡ് സംബന്ധിച്ച ചോദ്യത്തിൽ നിന്ന് ഷെയിൻ ബൾട്ടിയടിച്ചതാണെന്ന് നിർമാതാവ് ബിനു ജോർജ് അലക്‌സാണ്ടർ പറഞ്ഞു.
കഷ്ടപ്പാടിന്റെ കണക്ക് കേൾക്കാൻ ആർക്കും ഇഷ്ടമില്ലെങ്കിലും തന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് ബൾട്ടിക്ക് ലഭിച്ച സ്വീകാര്യതയെന്ന് ഷെയിൻ നിഗം പറഞ്ഞു. സിനിമയിലെ പ്രകടനത്തെ അഭിനന്ദിക്കുന്ന പ്രേക്ഷകൻ തന്റെ പിതാവിനെ കൂടി ഓർക്കുന്നതിൽ സന്തോഷമുണ്ടെന്നും ഷെയിൻ നിഗം പറഞ്ഞു.
സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ശന്തനു ഭാഗ്യരാജ്, നായിക പ്രീതി അസ്‌റാനി, നടി പൂർണിമ ഇന്ദ്രജിത്ത്, ഛായാഗ്രഹകൻ അലക്‌സ് ജെ പുളിക്കൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Adjust Story Font
16

