ഐ2യു2 കൂട്ടായ്മ വെബ്‌സൈറ്റ് ആരംഭിച്ചു
കൂട്ടായ്മയുടെ കീഴിൽ കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുകയാണ് ലക്ഷ്യം

ദുബൈ: യു.എ.ഇ, ഇന്ത്യ, ഇസ്രായേൽ, യു.എസ് എന്നീ രാജ്യങ്ങൾ അടങ്ങുന്ന ഐ2യു2 കൂട്ടായ്മയുടെ വെബ്‌സൈറ്റ് തുറന്നു. കൂട്ടായ്മയുടെ കീഴിൽ കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണിത്. നിക്ഷേപത്തിന് പുറമെ, ബിസിനസ് മേഖല ശക്തിപ്പെടുത്താനും നിർദേശങ്ങൾ പങ്കുവെക്കാനും വിവിധ നടപടികളാണ് സ്വീകരിച്ചു വരുന്നത്.
ന്യൂയോർക്കിൽ കഴിഞ്ഞ ദിവസമാണ് ഐ2യു2 കൂട്ടായ്മയുടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്. യു.എൻ ജനറൽ അസംബ്ലിയുടെ 78ാം സെഷൻ നടക്കുന്നിതിനിടെയാണ് സുപ്രധാന യോഗം ചേർന്നത്. യു.എ.ഇയെ പ്രതിനിധാനം ചെയ്ത് സഹമന്ത്രി അഹ്മദ് അൽ സായിഗാണ് പങ്കെടുത്തത്. ഭക്ഷ്യസുരക്ഷ, ജലം, ഊർജം, ബഹിരാകാശം, ഗതാഗതം, ആരോഗ്യം, സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ അംഗരാജ്യങ്ങൾ തമ്മിലെ സഹകരണം വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഐ2യു2 കൂട്ടായ്മ രൂപപ്പെടുത്തിയത്.
കാർബൺ പുറന്തള്ളൽ കുറക്കുക, ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുക, ഹരിത സാങ്കേതിക വിദ്യകൾ വികസിപ്പിക്കുക എന്നീ കാര്യങ്ങൾ ലക്ഷ്യമിട്ട് അംഗരാജ്യങ്ങളിലെ ബിസിനസ് സംരംഭങ്ങൾ സംയുക്ത പദ്ധതികളും നടപ്പാക്കുന്നുണ്ട്. 2023 ഫെബ്രുവരിയിൽ അബുദാബിയിലാണ് ആദ്യ ഐ2യു2 സാമ്പത്തിക ഫോറം നടന്നത്.
കഴിഞ്ഞ വർഷം ജൂലൈയിൽ ഐ2യു2 രാജ്യങ്ങളുടെ ഭരണനേതൃത്വത്തിൻറെ യോഗം വെർച്വലായി ചേർന്നിരുന്നു. യോഗത്തിൽ ഇന്ത്യയിൽ 200 കോടി ഡോളർ നിക്ഷേപത്തോടെ ഭക്ഷ്യപാർക്കുകൾ സ്ഥാപിക്കുന്നതടക്കമുള്ള തീരുമാനങ്ങളുമെടുത്തിരുന്നു. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, യു.എസ് പ്രസിഡൻറ് ജോ ബൈഡൻ, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
Adjust Story Font
16

