ദുബൈയിലെ തൊഴിൽതട്ടിപ്പ്; ടെറസിൽ കഴിഞ്ഞിരുന്ന മലയാളികൾക്ക് അഭയമൊരുക്കി ദുബൈ മർക്കസ്
തട്ടിപ്പിന്റെ ഇരകൾ നാട്ടിലെ ഏജന്റുമാർക്ക് എതിരെ പൊലീസിൽ പരാതി നൽകി

ദുബൈ: ദുബൈയിലെ തൊഴിൽതട്ടിപ്പ് ടെറസിൽ കഴിഞ്ഞിരുന്ന മലയാളികൾക്ക് അഭയം. ദുബൈ മർക്കസാണ് താമസിക്കാൻ മുറി ഒരുക്കിയത്. അതിനിടെ, തട്ടിപ്പിന്റെ ഇരകൾ നാട്ടിലെ ഏജന്റുമാർക്ക് എതിരെ പൊലീസിൽ പരാതി നൽകി.
തൊഴിൽ തട്ടിപ്പിന് ഇരയായ 23 മലയാളികൾ ദുബൈ ദേരയിലെ കെട്ടിടത്തിന്റെ ടെറസിന് മുകളിൽ ദുരിതത്തിൽ കഴിയുന്ന വാർത്ത കഴിഞ്ഞദിവസമാണ് മീഡിയവൺ റിപ്പോർട്ട് ചെയ്തത്. പൊരിവെയിലത്ത് ദുരിതത്തിൽ കഴിഞ്ഞിരുന്ന ഇവർക്ക് ഭക്ഷണമെത്തിച്ച് നൽകിയിരുന്ന ദുബൈ മർക്കസ് തന്നെയാണ് തൽകാലത്തേക്ക് താമസിക്കാൻ സുരക്ഷിതമായ സ്ഥലമൊരുക്കി കൊടുത്തത്.
ഇവർക്ക് ജോലി ലഭ്യമാക്കാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ടെന്ന് സാമൂഹ്യ പ്രവർത്തകർ പറഞ്ഞു. അതിനിടെ, വാഗ്ദാനം ചെയ്ത ജോലി നൽകാതെ വഞ്ചിച്ചു എന്നാരോപിച്ച് ഇരകളുടെ ബന്ധുക്കൾ ട്രാവൽസിനെതിരെ നാട്ടിൽ നിയമനടപടിയും ആരംഭിച്ചു. കൂടുതൽ പേർ അടുത്തദിവസങ്ങളിൽ പരാതി നൽകുമെന്ന് പി ഡി പിയുടെ പ്രവാസി സംഘടനാ പ്രതിനിധികളും പറഞ്ഞു. ദുബൈയിലെ റിക്രൂട്ടിങ് ഏജന്റ് പിടിച്ചുവെച്ചിരിക്കുന്ന യുവാക്കളുടെ പാസ്‌പോർട്ട് തിരിച്ചെടുക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
Adjust Story Font
16

