Quantcast

കെ.എം.സി.സി സാഹിത്യപുരസ്‌കാരം എഴുത്തുകാരന്‍ പി സുരേന്ദ്രന് സമ്മാനിക്കും

'ഇശ്കേ ഇമറാത്ത്' ഈമാസം 12 ന്

MediaOne Logo

Web Desk

  • Published:

    7 July 2022 6:18 AM GMT

കെ.എം.സി.സി സാഹിത്യപുരസ്‌കാരം  എഴുത്തുകാരന്‍ പി സുരേന്ദ്രന് സമ്മാനിക്കും
X

ദുബൈ കെ.എം.സി.സിയുടെ ഈവര്‍ഷത്തെ സാഹിത്യ പുരസ്‌കാരം എഴുത്തുകാരന്‍ പി സുരേന്ദ്രന് സമ്മാനിക്കും. കെ.എം.സി.സി ഈദ് മെഗാ ഇവന്റായ ഇശ്കേ ഇമറാത്തില്‍വച്ച് അവാര്‍ഡ് കൈമാറും. പഴയകാല കഥാപ്രസംഗ കലാകാരി റംല ബീഗത്തെ കോഴിക്കോട് ആദരിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഈമാസം 12ന് ദുബൈ അല്‍നാസര്‍ ലിഷര്‍ലാന്റില്‍ രാത്രി ഏഴ് മുതലാണ് ഇശ്കേ ഇമറാത്ത് പരിപാടി അരങ്ങേറുക. യു.എ.ഇയുടെ അമ്പതാംവാര്‍ഷികം പ്രമാണിച്ച് കെ.എം.സി.സി പ്രഖ്യാപിച്ച അമ്പതിന പരിപാടിയുടെ ഭാഗമായാണ് മെഗാഇവന്റ് ഒരുക്കുന്നത്.

കെ.എം.സി.സിയുടെ കലാസാഹിത്യ വിഭാഗമായ സര്‍ഗധാരയാണ് സംഘാടകര്‍. രണ്ടാമത് കെ.എം.സി.സി സാഹിത്യ പുരസ്‌കാരമാണ് സുരേന്ദ്രന് സമ്മാനിക്കുന്നത്. ശശി തരൂരിനായിരുന്നു ആദ്യ പുരസ്‌കാരം. മാപ്പിളപ്പാട്ട് രംഗത്തെ പ്രതിഭ അഷ്റഫ് പയ്യന്നൂരിനെയും ചടങ്ങില്‍ ആദരിക്കും. നാട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന സാഹചര്യത്തിലാണ് കഥാപ്രസംഗത്തെ ജനകീയമാക്കിയ കലാകാരി റംലാബീഗത്തെ ആദരിക്കുന്ന ചടങ്ങ് കോഴിക്കോട് സംഘടിപ്പിക്കുന്നതെന്ന് ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ പറഞ്ഞു.

ഗായകരായ അന്‍വര്‍ സാദത്ത്, യുംന അജിന്‍, സജ്‌ല സലീം, ആദില്‍ അത്തു, ബെന്‍സീറ, സാദിഖ് പന്തല്ലൂര്‍, യൂസുഫ് കാരക്കാട്, ഷംസാദ് തുടങ്ങിയവര്‍ ചേര്‍ന്നൊരുക്കുന്ന ഇശല്‍ സന്ധ്യയാണ് ഇശ്കേ ഇമാറാത്തിന്റെ ആകര്‍ഷണം. സര്‍ഗധാര ഷാര്‍ജ പുസ്തകമേളയില്‍ പ്രകാശനം ചെയ്യുന്ന പുസ്തകങ്ങളുടെ പ്രഖ്യാപനവും ഇവിടെ നടക്കും. ജനറല്‍ കണ്‍വീനര്‍ മുസ്തഫ തിരൂര്‍, സര്‍ഗധാര ഭാരവാഹികളായ അഷ്റഫ് കൊടുങ്ങല്ലൂര്‍, നജീബ് തച്ചം പൊയില്‍, ഒ.കെ ഇബ്രാഹിം, മുസ്തഫ വേങ്ങര, ഇ.സി.എച്ച് സി.ഇ.ഒ തമീം അബൂബക്കര്‍, റഈസ് തലശ്ശേരി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

TAGS :

Next Story