Quantcast

ലിവ ഇന്റർനാഷണൽ ഫെസ്റ്റിവലിന് തുടക്കം

2026 ജനുവരി മൂന്നുവരെ അബൂദബി ലിവ മരുഭൂമിയിലാണ് പരിപാടി

MediaOne Logo

Web Desk

  • Published:

    13 Dec 2025 6:56 PM IST

Liwa International Festival begins
X

അബൂദബിയിലെ അൽ ദഫ്റ മേഖലയിലെ ലിവ ഇന്റർനാഷണൽ ഫെസ്റ്റിവലിന് തുടക്കം. 2026 ജനുവരി 3 വരെ ലിവ മരുഭൂമിയിലാണ് ഫെസ്റ്റിവൽ. ഉദ്ഘാടന ചടങ്ങിൽ അൽ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാനും അൽ ഐൻ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹസ്സ ബിൻ സായിദ് ആൽ നഹ്യാനും പങ്കെടുത്തു.

ഉദ്ഘാടന ദിവസം യുഎഇയുടെ ഔദ്യോഗിക എയറോബാറ്റിക് ടീമായ അൽ ഫുർസാൻ പ്രത്യേക പ്രകടനം നടത്തി. ലൈറ്റ്, സൗണ്ട്, ലേസർ, ഡ്രോൺ ഷോകൾ, വെടിക്കെട്ട് തുടങ്ങിയവയും നടന്നു.

ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ ഡിസിടി അബൂദബിയാണ് ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ലിവ സ്‌പോർട്‌സ് ക്ലബ്, അൽ ദഫ്റ മുനിസിപ്പാലിറ്റി, അബൂദബി പൊലീസ്, അബൂദബി മീഡിയ ഓഫീസ്, അബൂദബി മീഡിയ നെറ്റ്വർക്ക്, അബൂദബി സ്‌പോർട്‌സ് കൗൺസിൽ, മിറൽ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.

ലിവ വില്ലേജ്, പരമ്പരാഗത സൂഖ്, ക്രിയേറ്റീവ് വർക് ഷോപ്പുകൾ, ഫാമിലി സോണുകൾ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. സംഗീത പരിപാടികൾ, എയറോബാറ്റിക് എയർ ഷോകൾ, വെടിക്കെട്ട്, ഡ്രോൺ ഷോകൾ, ഡ്യൂൺ പ്രൊജക്ഷൻ ഡിസ്പ്ലേകൾ, ഹോട്ട് എയർ ബലൂൺ റൈഡുകൾ, ഭീമൻ ഫെറിസ് വീൽ, റേസിംഗ്, ഡ്യൂൺ സ്പോർട്സ് തുടങ്ങിയവയും ഈ വർഷത്തെ പതിപ്പിലുണ്ടാകും.

സന്ദർശകർക്ക് ഗ്ലാമ്പിംഗ് ടെന്റുകളിലോ പ്രാദേശിക താമസസ്ഥലങ്ങളിലോ താമസിക്കാം, അല്ലെങ്കിൽ മരുഭൂമിയിൽ ക്യാമ്പ് ചെയ്യാൻ സ്വന്തം ടെന്റുകളോ ആർവികളോ കൊണ്ടുവരാം.

2025 ഡിസംബർ 31 ന് പുതുവത്സരാഘോഷം നടക്കും. തൽ മുറഇബ് കാർ ചാമ്പ്യൻഷിപ്പ് അന്ന് വൈകുന്നേരം ആരംഭിക്കും, തുടർന്ന് 2026 നെ സ്വാഗതം ചെയ്യുന്നതിനായി കച്ചേരിയും വെടിക്കെട്ടും നടക്കും.

അബൂദബിയിൽ നിന്ന് റോഡ് മാർഗം വരുമ്പോൾ ഏകദേശം മൂന്ന് മണിക്കൂർ അകലെയാണ് ലിവ. ഡ്രൈവർമാർക്ക് ശൈഖ് സായിദ് റോഡ് (ഇ10) വഴി സ്വീഹാൻ/അൽ ഐൻ ഭാഗത്തേക്ക് വന്നാൽ ലിവയിലെത്താം.

TAGS :

Next Story