യുഎഇയിലെ ചെറുകിട ബിസിനസുകൾക്ക് സംയോജിത ബാങ്കിങ് സേവനം: ലുലു മണി ബിസിനസും മാസ്റ്റർകാർഡും കൈകോർക്കുന്നു
റുയ ബാങ്കിന്‍റെ ഇസ്ലാമിക് ബാങ്കിങ് സൗകര്യങ്ങളും മാസ്റ്റർകാർഡിന്‍റെ പേമെന്‍റ് സംവിധാനങ്ങളും സംയോജിപ്പിച്ചാണ് പദ്ധതി

അബൂദബി: യുഎഇയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എസ്എംഇ) സമഗ്ര ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കാൻ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്‍റെ അനുബന്ധ സ്ഥാപനമായ ലുലു മണി ബിസിനസ് അന്താരാഷ്ട്ര പേമെന്‍റ് സേവന ദാതാക്കളായ മാസ്റ്റർകാർഡുമായി ധാരണാപത്രം ഒപ്പുവെച്ചു. അബൂദബിയിൽ നടന്ന ഇൻവെസ്റ്റോപിയ ബ്രിഡ്ജ് ഉച്ചകോടിയിലാണ് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദും മാസ്റ്റർകാർഡ് ഇഇഎംഇഎ മാർക്കറ്റ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മെറ്റെ ഗുണെയും കരാറിലൊപ്പുവെച്ചത്. യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി, നിക്ഷേപ മന്ത്രി മുഹമ്മദ് ഹസ്സൻ അൽസുവൈദി എന്നിവർ സംബന്ധിച്ചു.
ഇസ്ലാമിക് ഡിജിറ്റൽ ബാങ്കായ ‘റുയ’ വഴിയാണ് ബാങ്കിങ് അടിത്തറയൊരുക്കുന്നത്. ലുലു മണി ബിസിനസ് അക്കൗണ്ടുകൾ, മാസ്റ്റർകാർഡ് അധിഷ്ഠിത കോർപറേറ്റ് കാർഡുകൾ, വേതന സുരക്ഷാ സംവിധാനം, ബിസിനസ് ചെലവുകളുടെ കൃത്യമായ ഏകോപനം എന്നിവയെല്ലാം ഒരു കുടക്കീഴിൽ ഈ സംവിധാനത്തിലൂടെ സംരംഭകർക്ക് ലഭ്യമാക്കും. ഡിജിറ്റൽ ഇടപാടുകളിലേക്ക് അതിവേഗം ചുവടുമാറുന്ന ബിസിനസുകൾക്ക് സാമ്പത്തിക മാനേജ്‌മെന്‍റ് ലളിതമാക്കാൻ പുതിയ സംവിധാനം സഹായകരമാകും.സാമ്പത്തിക വളർച്ചയുടെയും തൊഴിലവസരങ്ങളുടെയും പ്രധാന ചാലകശക്തി ചെറുകിട-ഇടത്തരം സംരംഭങ്ങളാണെന്ന് അദീബ് അഹമ്മദ് പറഞ്ഞു.
2030 ഓടെ ആഗോളതലത്തിൽ 50 കോടി ജനങ്ങളെയും ചെറുകിട ബിസിനസുകളെയും സുരക്ഷിത സാമ്പത്തിക ശൃംഖലയുടെ ഭാഗമാക്കാനുള്ള മാസ്റ്റർകാർഡിന്‍റെ ലക്ഷ്യത്തിന് ഈ പങ്കാളിത്തം ഊർജം പകരുമെന്ന് മെറ്റെ ഗുണെ പ്രതികരിച്ചു. ശരീഅത്ത് അനുസൃത ഡിജിറ്റൽ ബാങ്കിങ് സാങ്കേതികവിദ്യയും ലുലുവിന്‍റെ വിപുലമായ വിപണി സാന്നിധ്യവും മാസ്റ്റർകാർഡിന്‍റെ ആഗോള ശൃംഖലയും ഒന്നിക്കുന്നത് വിപണിയിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് റുയ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ക്രിസ്റ്റോഫ് കോസ്റ്റർ പറഞ്ഞു.
ലുലു ഇന്‍റർനാഷണൽ എക്സ്ചേഞ്ചിന്‍റെ കോർപ്പറേറ്റ് ബിസിനസ് വിഭാഗമാണ് ലുലു മണി ബിസിനസ്. ജിസിസി, ഇന്ത്യ, ഏഷ്യ-പസഫിക് മേഖലകളിലായി പത്തോളം രാജ്യങ്ങളിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന് സാന്നിധ്യമുണ്ട്.
Adjust Story Font
16

