Quantcast

പ്രവാസത്തിന്റെ അരനൂറ്റാണ്ട് പൂർത്തിയാക്കി എം.എ യൂസഫലി; യു.എ.ഇ പ്രസിഡന്റുമായി പ്രത്യേക കൂടിക്കാഴ്ച

1973ൽ തന്റെ 19-ാം വയസ്സിലാണ് യൂസഫലി ആദ്യമായി ദുബൈയിലെത്തിയത്.

MediaOne Logo

Web Desk

  • Published:

    30 Dec 2023 11:52 AM GMT

MA Yusafali has completed half century of foreign life
X

അബുദാബി: പ്രവാസജീവിതത്തിൽ അര നൂറ്റാണ്ട് പൂർത്തിയാക്കി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലി. തൃശൂർ ജില്ലയിലെ നാട്ടിക മുസലിയാംവീട്ടിൽ അബ്ദുൽ ഖാദർ യൂസഫലി എന്ന എം.എ യൂസഫലിയെ ഇന്നത്തെ യൂസഫലിയാക്കിയ പ്രവാസ ജീവിതത്തിന്റെ ആ വലിയ യാത്രക്ക് ഇന്നേക്ക് 50 വർഷം തികയുകയാണ്.

പ്രവാസത്തിന്റെ ഗോൾഡൻ ജൂബിലി എം.എ. യൂസഫലിക്ക് ഏറ്റവും സന്തോഷകരമായ മുഹൂർത്തമാണ് സമ്മാനിച്ചത്. ബോംബെ തുറമുഖത്ത് നിന്നും 1973 ഡിസംബർ 26ന് പുറപ്പെട്ട് 31ന് ദുബൈ റാഷിദ് തുറമുഖത്തെത്തിയ ഇമ്മിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിച്ച തന്റെ ആദ്യത്തെ പാസ്‌പോർട്ട് ഇക്കഴിഞ്ഞ ദിവസമാണ് യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്‌ അബുദാബിയിലെ കൊട്ടാരത്തിലെത്തി യൂസഫലി കാണിച്ചു കൊടുത്തത്. ഇന്നും നിധിപോലെ യൂസഫലി സൂക്ഷിക്കുന്ന പഴയ പാസ്പാർട്ട് ഏറെ കൗതുകത്തോടെയാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് നോക്കിക്കണ്ടത്.



അന്ന് ബോംബെയിൽനിന്ന് ആറു ദിവസം ദുംറ എന്ന കപ്പലിൽ യാത്ര ചെയ്താണ് 1973 ഡിസംബർ 31ന് വെറും 19 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന യൂസഫലി ദുബൈയിലെത്തിയത്. ആറ് ദിവസമെടുത്ത അന്നത്തെ കപ്പൽ യാത്രയെപ്പറ്റിയും യൂസഫലി യു.എ.ഇ. പ്രസിഡന്റിന് വിശദീകരിച്ചു കൊടുത്തു.

വാണിജ്യ വ്യവസായ സാമൂഹ്യ സേവനരംഗത്ത് നൽകിയ സേവനങ്ങളെ മാനിച്ച് നിരവധി ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങളാണ് യൂസഫലിയെ തേടിയെത്തിയത്. രാജ്യം നൽകിയ പത്മശ്രീ, യു.എ.ഇ.യുടെ ഉന്നത ബഹുമതിയായ അബുദാബി അവാർഡ്, ബഹറൈൻ സർക്കാർ നൽകിയ ഓർഡർ ഓഫ് ബഹറൈൻ, ബ്രിട്ടീഷ് രാജ്ഞിയുടെ ക്വീൻസ് പുരസ്‌കാരം, ഇന്തോനേഷ്യയുടെ പ്രിമ ദത്ത പുരസ്‌കാരം എന്നിവ ഇതിലുൾപ്പെടും. അബുദാബി ചേംബറിന്റെ വൈസ് ചെയർമാനായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് നാമനിർദേശം ചെയ്തതാണ് യൂസഫലിയെ തേടിയെത്തിയ മറ്റൊരു ഉന്നതമായ അംഗീകാരം.



തികഞ്ഞ ആത്മവിശ്വാസത്തോടെയും കഠിനാധ്വാനത്തോടെയും ആത്മസമർപ്പണത്തോടെയും അബുദാബിയിൽ ചെറിയ രീതിയിൽ ആരംഭിച്ച കച്ചവടമാണ് ഇന്ന് 50 വർഷം പിന്നിടുമ്പോൾ 35,000 മലയാളികൾ ഉൾപ്പെടെ 49 രാജ്യങ്ങളിൽനിന്നുള്ള 69,000-ലധികം ആളുകൾക്ക് തൊഴിൽ നൽകുന്ന ലുലു ഗ്രൂപ്പ് എന്ന വമ്പൻ സ്ഥാപനത്തിന്റെ മേധാവിയായി യൂസഫലി മാറിയതിന്റെ ചരിത്രം കുറിച്ചത്.



അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, അബുദാബി പടിഞ്ഞാറൻ മേഖല ഭരണാധികാരി ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരും സംബന്ധിച്ചു.

TAGS :

Next Story