മാപ്പിളകലാ അക്കാദമിക്ക് ദുബൈയിൽ ഉപകേന്ദ്രം; ഫെബ്രുവരിയിൽ തുടക്കമാകും
ദുബൈ കേന്ദ്രത്തിൽ മാപ്പിള കലകളിൽ വിവിധ കോഴ്സുകൾ ലഭ്യമാക്കും

റിയാദ്: സാംസ്കാരിക വകുപ്പിന് കീഴിലെ മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ദുബൈയിൽ ഉപകേന്ദ്രം തുറക്കുന്നു. ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി ദുബൈയിൽ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ദുബൈ കേന്ദ്രത്തിൽ മാപ്പിള കലകളിൽ വിവിധ കോഴ്സുകൾ ലഭ്യമാക്കും.
ഫെബ്രുവരിയാണ് മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയുടെ ദുബൈയിലെ ഉപകേന്ദ്രം തുറക്കുക. അക്കാദമി പ്രവർത്തനം ഗൾഫിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിദേശത്തെ ആദ്യ ഉപകേന്ദ്രം ദുബൈയിൽ തുറക്കുന്നത്. നിലവിൽ നാദാപുരത്ത് അക്കാദമിക്ക് ഉപകേന്ദ്രമുണ്ട്. ഉപകേന്ദ്രങ്ങളിൽ അക്കാദമിയുടെ മേൽനോട്ടത്തിൽ ആറ് മാപ്പിളകലകളിലും, അറബി മലയാളത്തിലും ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ ലഭ്യമാക്കും.
അവശകലാകാരൻമാർക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് അക്കാദമി നൽകുന്ന സർട്ടിഫിക്കറ്റുകളാണ് യോഗ്യതയായി കണക്കാക്കുന്നത്. പരീക്ഷ പാസാകുന്ന പ്രവാസി കലാകാരൻമാർക്കും സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ അക്കാദിമിയിലൂടെ സാധിക്കും. ദുബൈയിൽ ഉപകേന്ദ്രത്തിന് ആവശ്യമായ സ്ഥലം കണ്ടെത്താനും ഭാരവാഹികളെ നിശ്ചയിക്കാനും സമിതിയെ നിയോഗിച്ചിട്ടുണ്ട്.
എൻ കെ കുഞ്ഞഹമ്മദ്, നെല്ലറ ഷംസുദ്ദീൻ, ഡോ. അബ്ബാസ് പനക്കൽ, ടി ജമാലുദ്ദീൻ, അബ്ദുൽ അസീസ്, പി എം അബ്ദുറഷീദ് എന്നിവരാണ് സമിതി ഭാരവാഹികൾ. ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന മലബാറുമായി ബന്ധപ്പെട്ട കൈയെഴുത്തു പ്രതികളുടെ സംരക്ഷണത്തിനും കൈമാറ്റത്തിനും മാപ്പിളകലാ അക്കാമദി ലൈബ്രറിയുമായി ധാരണയുണ്ടാക്കിയെന്നും ഡോ. ഹുസൈൻ രണ്ടത്താണി പറഞ്ഞു. ഇംഗ്ലണ്ടിലെ സറി സർവകലാശാലയിലെ ഡോ. അബ്ബാസ് പനക്കലും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Adjust Story Font
16

