'തൊഴിലാളികൾക്ക് താമസ സൗകര്യമൊരുക്കുന്നതിൽ വീഴ്ചവരുത്തിയാൽ തൊഴില്‍ പെർമിറ്റ് നൽകില്ല'; മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം
മനുഷ്യകടത്ത് നടത്തുന്നുവെന്ന് ആരോപണമുണ്ടായാലും സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകും

ദുബൈ: തൊഴിലാളികൾക്ക് താമസ സൗകര്യമൊരുക്കുന്നതിൽ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങൾക്ക് തൊഴിൽ പെർമിറ്റ് നൽകുന്നത് നിർത്തിവെക്കുമെന്ന് യു.എ.ഇ തൊഴിൽമന്ത്രാലയം. മനുഷ്യകടത്ത് നടത്തുന്നുവെന്ന് ആരോപണമുണ്ടായാലും സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകും.
രാജ്യത്തെ സ്ഥാപനങ്ങൾക്ക് വർക്ക് പെർമിറ്റ് നൽകുന്നത് നിർത്തിവെക്കാൻ ഇടയാക്കുന്ന നാല് സാഹചര്യങ്ങളെ കുറിച്ച് തൊഴിൽമന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. ലേബർമാർക്ക് അനുയോജ്യമായ താമസയിടം നൽകുന്നതിൽ വീഴ്ച വരുത്തിയാൽ താമസ സൗകര്യം ഒരുക്കി എന്ന് ഉറപ്പാക്കുന്നത് വരെ തൊഴിൽ പെർമിറ്റ് നൽകുന്നത് മന്ത്രാലയം നിർത്തിവെക്കും. തൊഴിൽ പെർമിറ്റുണ്ടെങ്കിൽ മാത്രമേ സ്ഥാപനത്തിന് ആവശ്യമായ തൊഴിലാളികളെ നിയമിക്കാനാവൂ. മനുഷ്യക്കടത്ത് നടത്തുന്നു എന്ന് ആരോപണമുണ്ടായാൽ നിരപരാധിത്തം തെളിയിക്കുന്നത് വരെ പെർമിറ്റ് നൽകില്ല. ഇത്തരം കേസിൽ കമ്പനി ശിക്ഷിക്കപ്പെട്ടാൽ വിധി വന്ന് രണ്ടുവർഷം പെർമിറ്റിന് വിലക്കുണ്ടാകും.
മന്ത്രാലയവുമായുള്ള ഇടപാടുകൾക്ക് സ്ഥാപനത്തിന് അനുവദിച്ച ഇലക്ട്രോണിക് സംവിധാനങ്ങൾ ദുരുപയോഗം ചെയ്താൽ ആറ് മാസത്തേക്ക് വർക്ക് പെർമിറ്റ് നൽകുന്നത് റദ്ദാക്കും. സേവനഫീസ്, പിഴകൾ എന്നത് സംബന്ധിച്ച മന്ത്രാലയത്തിന്റെ വ്യവസ്ഥ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കും പെർമിറ്റ് അനുവദിക്കുന്നത് നിർത്തിവെക്കും.
Adjust Story Font
16

