Quantcast

എക്സ്പോ ഉദ്ഘാടന ചടങ്ങിൽ താരമായി ഇന്ത്യൻ പെൺകുട്ടി

അബൂദബിയിൽ നടന്ന യു.എ.ഇ ദേശീയ ദിന ഔദ്യോഗിക ചടങ്ങ് പോലുള്ള വലിയ പരിപാടികളിൽ താൻ പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും, ഉദ്ഘാടന ചടങ്ങിന് നിമിഷങ്ങൾക്ക് മുമ്പ് താൻ പരിഭ്രാന്തയാണെന്ന് മിറ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-10-01 10:52:24.0

Published:

1 Oct 2021 10:49 AM GMT

എക്സ്പോ ഉദ്ഘാടന ചടങ്ങിൽ താരമായി ഇന്ത്യൻ പെൺകുട്ടി
X

ദുബായ് – എക്സ്പോ2020 ഉദ്ഘാടന ചടങ്ങിൽ മിന്നും താരമായി ഇന്ത്യൻ പെൺകുട്ടി. ഒരു നാടോടിക്കഥ പറയുന്ന രീതിയിൽ അവതരിപ്പിച്ച പരിപാടിയിൽ സ്വദേശി മുത്തശ്ശനോടൊപ്പം കൊച്ചുമകളായ അറബിപ്പെൺകുട്ടിയായി വേഷമിട്ടത് ദുബായ് ജെ.എസ്. സ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനി ഉത്തരാഖണ്ഡ് നൈനിറ്റാൾ സ്വദേശി മിറാ സിങാ(11)ണ്. ദുബായിൽ ബിസിനസുകാരനായ ജിതിൻ സിങ്–ശ്വേത ദമ്പതികളുടെ മകളാണ് മിറാ സിങ്.

'പ്രതീക്ഷ' എന്ന പ്രമേയത്തിൽ അറബ് നാടോടിക്കഥാ പറച്ചിലിൻ്റെ ശൈലിയിൽ രണ്ടര മണിക്കൂറോളം നടന്ന ഉദ്ഘാടനച്ചടങ്ങിൻ്റെ ആദ്യാവസാനം വരെ മിറാ സിങ് നിറഞ്ഞുനിന്നു. അറബ് പെൺകുട്ടിക്ക് മുത്തശ്ശൻ നാടിൻ്റെ ചരിത്രവും പൈതൃകവും മറ്റും പകർന്നുകൊടുക്കുന്നതാണ് കഥ. അദ്ദേഹം നൽകിയ അത്ഭുതവളയം ഉപയോഗിച്ച് അവൾ വർണക്കാഴ്ചകൾ ആസ്വദിക്കുന്നു. കഴിഞ്ഞുപോയ സുവർണകാലം അവളുടെ മുന്നിൽ പീലിവിടർത്തിയാടുന്നു. അതിൻ്റെ അഭൗമ സൗന്ദര്യത്തിൽ മുഴുകി വേദിയിൽ ഒഴുകി നടക്കുകയായിരുന്നു മുത്തശ്ശൻ്റെ പ്രിയപ്പെട്ട കൊച്ചുമകൾ. പഴയ തലമുറ പുതുതലമുറയ്ക്ക് കൈമാറുന്ന നന്മയുടെ കാഴ്ചകൾ.

"യു.എ.ഇ.യില്‍ നടക്കുന്ന അത്ഭുത കഥയില്‍ അഭിനയിക്കുന്നത് പോലെ തോന്നി. പൂക്കളും ചിത്രശലഭങ്ങളും ഉള്ളതിനാൽ, അത് ഒരു യഥാർഥ മാന്ത്രിക പൂന്തോട്ടം പോലെയായിരുന്നു. എനിക്ക് വളരെ സന്തോഷം തോന്നി... അദ്ഭുതകരമായ അനുഭവമായിരുന്നു അത്!" മിറാ സിങ് ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.



അബൂദബിയിൽ നടന്ന യു.എ.ഇ ദേശീയ ദിന ഔദ്യോഗിക ചടങ്ങ് പോലുള്ള വലിയ പരിപാടികളിൽ താൻ പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും, ഉദ്ഘാടന ചടങ്ങിന് നിമിഷങ്ങൾക്ക് മുമ്പ് താൻ പരിഭ്രാന്തയാണെന്ന് മിറ പറഞ്ഞു.

"സ്റ്റേജിൽ കുറെ നാളുകള്‍ക്ക് ശേഷം തിരിച്ചെത്തിയപ്പോൾ ചെറിയ പേടിയുണ്ടായിരുന്നു. എന്നാൽ ധാരാളം മുന്നൊരുക്കങ്ങള്‍ നടത്തിയതിനാൽ എനിക്കത് ചെയ്യാൻ കഴിയുമെന്ന് ഞാൻ സ്വയം പറഞ്ഞു, ആത്മവിശ്വാസം വീണ്ടെടുത്തു. പരിപാടിയുടെ അന്ന് രാവിലെയും ഞാനും പരിശീലിച്ചു. ഒടുവിൽ ലോകമെമ്പാടുമുള്ള ആളുകള് എന്നെ നിരീക്ഷിക്കാന് പോവുകയാണെന്നോര്‍ത്തെപ്പോള്‍ ഞാൻ ആവേശഭരിതയായി..."


ഷോ കഴിഞ്ഞപ്പോൾ ഞാന് സന്തുഷ്ടയായിരുന്നു. വലിയ കുഴപ്പങ്ങളൊന്നും ഞാനുണ്ടാക്കിയിട്ടില്ല. എല്ലാം ആസൂത്രണം ചെയ്തതുപോലെ നടന്നു. എനിക്ക് പശ്ചാത്തപിക്കാൻ ഒന്നുമില്ലായിരുന്നു. ലോകമെമ്പാടുമുള്ള വലിയ പേരുകളെ കാണാനും പ്രവർത്തിക്കാനും അവസരം നൽകിയതിൽ അഭിമാനവും നന്ദിയുമുണ്ടെന്ന് മിറാ പറഞ്ഞു.

കൊച്ചുകുട്ടിയായിരുന്നപ്പോഴേ യുഎഇയിലെ മോഡലിങ് രംഗത്ത് ശ്രദ്ധേയയായിരുന്നു മിറാ സിങ്. സ്വദേശി ബാലികമാരടക്കം ഒട്ടേറെ പെൺകുട്ടികളെ മറികടന്നാണ് ഇന്ത്യക്കാർക്ക് അഭിമാനം പകർന്ന് മിറയ്ക്ക് ഈ അപൂര്‍വാവസരം ലഭിച്ചത്.



TAGS :

Next Story