Quantcast

ദുബൈ നിരത്തിലേക്ക്​ കൂടുതൽ ടെസ്​ല ടാക്സികൾ; 269 പുതിയ കാറുകൾ ഉൾപ്പെടുത്തി അറേബ്യ ടാക്‌സി

പരിസ്ഥിതി സൗഹൃദമാക്കുന്നതിന്​ ഹൈബ്രിഡ്, ഇലക്ട്രിക്, ഹൈഡ്രജന്‍ വാഹനങ്ങളാണ് ​ടാക്സികളിൽ ഉൾപ്പെടുത്തുന്നത്​.

MediaOne Logo

Web Desk

  • Published:

    25 April 2023 12:38 AM IST

More Tesla Taxis on Dubai Roads
X

ദുബൈ: സുസ്ഥിര ഗതാഗത സംവിധാനങ്ങൾ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ദുബൈ നിരത്തുകളിലേക്ക്​ കൂടുതൽ ടെസ്‍ല ടാക്സികൾ എത്തിക്കും. ശൈഖ് മാജിദ് ബിൻ ഹമദ് അല്‍ ഖാസിമിയുടെ ഉടമസ്ഥതയിലുള്ള എക്കണോമിക് ഗ്രൂപ്പ് ഹോള്‍ഡിങ്സിന്‍റെ അറേബ്യ ടാക്‌സി 269 പുതിയ ടെസ്‌ല മോഡല്‍-ത്രീ കാറുകളാണ് എത്തിക്കുക.

പരിസ്ഥിതി സൗഹൃദമാക്കുന്നതിന്​ ഹൈബ്രിഡ്, ഇലക്ട്രിക്, ഹൈഡ്രജന്‍ വാഹനങ്ങളാണ് ​ടാക്സികളിൽ ഉൾപ്പെടുത്തുന്നത്​. യു.എ.ഇയിൽ സ്വകാര്യ ടാക്‌സി വാഹനങ്ങൾ ഏറ്റവും കൂടുതൽ സ്വന്തമായുള്ളത്​ എകണോമിക് ഗ്രൂപ്പിനാണ്​. 6000 ടാക്‌സി വാഹനങ്ങളാണ് കമ്പനിക്കുള്ളത്.

നിലവിൽ ദുബൈയിലെ 83 ശതമാനം കാറുകളും പരിസ്ഥിതി സൗഹൃദ ഹൈബ്രിഡ് എഞ്ചിൻ സാങ്കേതിക വിദ്യയിൽ പ്രവര്‍ത്തിക്കുന്നതാണ്.​അതുകൊണ്ടുതന്നെ ഈ രംഗത്ത് ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി എക്കണോമിക് ഗ്രൂപ്പ് ചെയര്‍മാൻ ശൈഖ് ശൈഖ് മാജിദ് ബിൻ ഹമദ് അല്‍ ഖാസിമി പറഞ്ഞു.

ബാക്കിയുള്ള വാഹനങ്ങളെയും ഇലക്ട്രിക് കാറുകളാക്കി മാറ്റാനാണ് ​കമ്പനിയു​ടെ നീക്കം. എമിറേറ്റിലെ ശുചിത്വപൂർണമായ അന്തരീക്ഷം നിലനിർത്താനായി ഹരിതവാഹനങ്ങൾ വർധിപ്പിക്കുന്ന ദുബൈ സർക്കാരിന്‍റെ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതാണ് കമ്പനിയുടെ നീക്കമെന്ന്​ആർ.ടിഎയിലെ പൊതുഗതാഗത ഏജന്‍സി സി.ഇ.ഒ അഹ്മദ് ബഹ്‌റൂസിയൻ പറഞ്ഞു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എമിറേറ്റിലെ കാര്‍ബൺ പുറന്തള്ളൽ കുറയ്ക്കാനും വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താനുമാണ്​ആർ.ടി.എ പദ്ധതികളിലൂടെ ലക്ഷ്യം വയ്ക്കുന്നത്​.



TAGS :

Next Story