Quantcast

നിയമവിരുദ്ധമായി ലഹരിയുള്ള വസ്തുക്കൾ നിർദേശിക്കലും നൽകലും; ഡോക്ടർക്കും ഫാർമസിക്കുമെതിരെ ശിക്ഷ കർശനമാക്കി യുഎഇ

കുറഞ്ഞത് 50,000 ദിർഹം പിഴ, 5 വർഷം തടവ്

MediaOne Logo

Web Desk

  • Published:

    11 Dec 2025 4:49 PM IST

New UAE law tightens penalties for drug-related offences
X

അബൂദബി: മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും ചെറുക്കാനുള്ള നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്ത് യുഎഇ ഗവൺമെൻറ് ഫെഡറൽ ഉത്തരവ് പുറപ്പെടുവിച്ചു. കുറിപ്പടി ഇല്ലാതെ ലഹരിയുള്ള വസ്തുക്കൾ വിതരണം ചെയ്യുന്ന ഫാർമസികൾക്കും ലൈസൻസില്ലാതെ ലഹരിയുള്ള വസ്തുക്കൾ നിർദേശിക്കുന്ന ഡോക്ടർമാർക്കുമെതിരെയുള്ള ശിക്ഷകൾ കർശനമാക്കി. രണ്ട് കുറ്റകൃത്യങ്ങൾക്കും അഞ്ച് വർഷത്തിൽ കുറയാത്ത തടവും 50,000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കും.

ഫെഡറൽ, പ്രാദേശിക ആരോഗ്യ അധികൃതർക്ക് പുറമേ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ മയക്കുമരുന്ന് ആസക്തിയുള്ളവർക്ക് ചികിത്സയും പുനരധിവാസ യൂണിറ്റുകളും സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും നിയമം അനുവദിക്കുന്നു.

മയക്കുമരുന്ന് കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട വിദേശ പൗരന്മാരെ നാടുകടത്താനും നിയമം അനുശാസിക്കുന്നു. എന്നാൽ ചില സാഹചര്യങ്ങളിൽ മാത്രം ഇതിന് മാറ്റമുണ്ടാകും.

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാനുള്ള ചുമതലകളിൽ സർക്കാർ മാറ്റം വരുത്തി. നിയമത്തിൽ ആരോഗ്യ മന്ത്രാലയത്തെയും ആരോഗ്യ മന്ത്രിയെയും കുറിച്ചുള്ള പരാമർശങ്ങൾ എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റും ചെയർപേഴ്സണുമാക്കിയാണ് മാറ്റിയത്. ഇതോടെ രാജ്യത്തെ മെഡിക്കൽ ഉൽപ്പന്നങ്ങളുടെ നിയന്ത്രണം എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റായി മാറി.

ആഭ്യന്തര മന്ത്രാലയത്തെക്കുറിച്ചുള്ള പരാമർശങ്ങൾക്ക് പകരം നാഷണൽ ആന്റി-നാർക്കോട്ടിക്‌സ് അതോറിറ്റി എന്നും ഉൾപ്പെടുത്തി. ഇതോടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ ചെറുക്കാനുള്ള ദേശീയ ശ്രമങ്ങൾക്ക് അതോറിറ്റി നേതൃത്വം നൽകും.

ശാസ്ത്രീയവും വൈദ്യപരവുമായ ആവശ്യങ്ങൾക്കായി മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളുടെയും കൈവശം വയ്ക്കലും കൈകാര്യം ചെയ്യലും നിയന്ത്രിക്കുന്ന വ്യവസ്ഥകളും പുതുക്കിയിട്ടുണ്ട്.

ആരോഗ്യ സ്ഥാപനങ്ങൾ, കെമിക്കൽ ടെസ്റ്റിങ് ലബോറട്ടറികൾ, ഗവേഷണ കേന്ദ്രങ്ങൾ, മെഡിക്കൽ ഉൽപ്പന്ന നിർമാണ, സംഭരണ, വിതരണ കേന്ദ്രങ്ങൾ എന്നിങ്ങനെ യോഗ്യതയുള്ള സ്ഥാപനങ്ങൾക്ക് അധികൃതർ ലൈസൻസുകൾ അനുവദിക്കും.

TAGS :

Next Story