Quantcast

എണ്ണവില കുതിക്കുന്നു; ഇന്ന് മാത്രം മൂന്ന് ശതമാനം വർധനയുണ്ടായി

അസംസ്‌കൃത എണ്ണവില ബാരലിന് ഏകദേശം 98 ഡോളറിലേക്കാണ് ഉയർന്നത്

MediaOne Logo

Web Desk

  • Updated:

    2023-09-28 18:20:06.0

Published:

28 Sep 2023 5:15 PM GMT

എണ്ണവില കുതിക്കുന്നു; ഇന്ന് മാത്രം മൂന്ന് ശതമാനം വർധനയുണ്ടായി
X

ആഗോളവിപണിയിൽ എണ്ണവിലയിൽ വൻകുതിപ്പ്. വിലയിൽ മൂന്ന് ശതമാനം വർധനയാണ് ഇന്നു മാത്രം രേഖപ്പെടുത്തിയത്. ഉൽപാദനം വെട്ടിക്കുറച്ച നടപടി പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങൾ പുന:പരിശോധിക്കാൻ തയാറായില്ലെങ്കിൽ വില റിക്കാർഡ് നിരക്കിലേക്ക് ഉയരും.

അസംസ്‌കൃത എണ്ണവില ബാരലിന് ഏതാണ്ട് 98 ഡോളറിലേക്കാണ് ഉയർന്നത്. 2022 ആഗസ്റ്റിനിപ്പുറം വിപണിയിലെ ഏറ്റവും ഉയർന്ന നിരക്ക് കൂടിയാണിത്. ആവശ്യകത വർധിച്ച സാഹചര്യത്തിൽ ലഭ്യത കുറഞ്ഞതാണ് നിരക്ക് കുത്തനെ ഉയരാൻ പ്രധാന കാരണം. നടപ്പുവർഷം ജൂൺ വരെ 70 ഡോളറിനു ചുവടെയായിരുന്നു ബാരലിന് എണ്ണവില.

എന്നാൽ പിന്നീട് നിരക്ക് കുത്തനെ ഉയരുന്ന പ്രവണത പ്രകടമായി. ഒപെകിന്റെ ഉൽപാദന നയവും സാമ്പത്തിക വളർച്ച തിരിച്ചുപിടിക്കാൻ ചൈന സ്വീകരിച്ച പുതിയ നടപടികളും എണ്ണവില ഉയരാൻ കാരണമാണ്. ബാരലിന് നൂറ് ഡോളറും മറികടന്ന് എണ്ണവില മുന്നോട്ടു പോയാൽ ഇന്ത്യ ഉൾപ്പെടെ ഇറക്കുമതി രാജ്യങ്ങൾക്ക് അത് വൻ തിരിച്ചടിയാകും. ബദൽ ഇന്ധനങ്ങൾ വികസിപ്പിച്ചും കരുതൽ എണ്ണ പുറത്തെടുത്തും പ്രതിസന്ധി മറികടക്കാനുള്ള അമേരിക്കൻ നീക്കവും പാളിയിരിക്കുകയാണ്.

ഇന്ധനവില ഇനിയും ഉയർന്നാൽ ആഭ്യന്തരതലത്തിൽ പണപ്പെരുപ്പവും വിലക്കയറ്റവും വർധിക്കുമെന്ന ആശങ്കയിലാണ് അമേരിക്ക ഉൾപ്പെടെ ലോകത്തെ പല ഇറക്കുമതി രാജ്യങ്ങളും. ഉൽപാദന നയം പുന:പരിശോധിക്കാൻ ഒപെക് നേതൃത്വത്തിനുമേൽ അമേരിക്ക സമ്മർദം വീണ്ടും ശക്തമാക്കുന്നതും ഈ സാഹചര്യത്തിലാണ്.

എന്നാൽ ഉൽപാദനം കുറച്ച നയത്തിൽ മാറ്റം വരുത്താൻ ഒപെക് രാജ്യങ്ങളും റഷ്യയും ഉടൻ തീരുമാനിക്കാൻ ഇടയില്ല. പ്രതിദിന എണ്ണ ഉൽപാദനത്തിൽ 13 ലക്ഷം ബാരൽ കുറവ് വരുത്താനാണ് കൂട്ടായ തീരുമാനം. ഇത് ഈ വർഷാവസാനം വരെ തുടരുമെന്ന് ഒപെക് നേതൃത്വവും റഷ്യയും വ്യക്തമാക്കി.

TAGS :

Next Story