ചന്ദ്രനിലേക്ക് ഒരു ചുവടുകൂടി, ചാന്ദ്രദൗത്യത്തിൽ ധാരണാപത്രം ഒപ്പുവച്ച് യുഎഇ
ചാന്ദ്ര ഭ്രമണപഥത്തിലേക്ക് ഇമാറാത്തി ബഹിരാകാശ യാത്രികനെ അയക്കുന്നതുമായി ബന്ധപ്പെട്ട തന്ത്രപ്രധാന കരാറിൽ യുഎഇ ഒപ്പുവച്ചു

ദുബൈ: യുഎഇയുടെ ബഹിരാകാശ ലക്ഷ്യങ്ങൾക്ക് പുതിയ ചിറകു നൽകുന്ന, സുപ്രധാനമായ കരാറിലാണ് ബഹിരാകാശ ഏജൻസി മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റർ ഒപ്പുവച്ചത്. യൂറോപ്യൻ എയ്‌റോസ്‌പേസ് കമ്പനി തേൽസ് അലീനിയ സ്‌പേസുമായാണ് സഹകരണ കരാർ. പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാഷിദിന്റെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പുവയ്ക്കൽ.
ചാന്ദ്ര ഭ്രമണപഥത്തിൽ സ്ഥാപിക്കുന്ന ലൂണാർ ഗേറ്റ് വേ സ്റ്റേഷന് ആവശ്യമായ എയർലോക്ക് അഥവാ പ്രവേശനകവാടം നിർമിക്കുന്നതിനാണ് ഇരുസ്ഥാപനങ്ങളും ധാരണയിലെത്തിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് സമാനമായ രീതിയിൽ, ചന്ദ്രന്റെ ഭ്രമണപഥത്തിൽ ലൂണാർ ഗേറ്റ് വേ സ്റ്റേഷൻ സ്ഥാപിക്കാനുള്ള നാസയുടെ പദ്ധതിയിൽ ഭാഗമാകുമെന്ന് കഴിഞ്ഞ വർഷം യുഎഇ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടുത്ത ചുവടാണ് പുതിയ കരാർ.
അറബ് ബഹിരാകാശ യാത്രികനെ ആദ്യമായി ചാന്ദ്ര ഭ്രമണപഥത്തിലേക്ക് അയക്കാൻ വഴിതുറക്കുന്നതാണ് ലൂണാർ ഗേറ്റ് വേ സ്റ്റേഷൻ. 2030ഓടെ ബഹിരാകാശ നിലയം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനു പിന്നാലെ ആദ്യ ഇമാറാത്തി ബഹിരാകാശ സഞ്ചാരി ചന്ദ്രനെ ലക്ഷ്യംവയ്ക്കും.
ബഹിരാകാശ മേഖലയിലെ ഡിജിറ്റൽ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ കഴിഞ്ഞയാഴ്ച ടോക്യോ ആസ്ഥാനമായ സ്പേസ് ഡാറ്റയുമായി ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് തേൽസ് അലീനിയയുമായുള്ള പങ്കാളിത്തം പ്രഖ്യാപിക്കുന്നത്.
Adjust Story Font
16